ഫോട്ടോ തകര്‍ക്കണമായിരുന്നെങ്കില്‍ ആദ്യം തകര്‍ക്കേണ്ടത് രാഹുലിന്റെ ഫോട്ടോയായിരുന്നു: എസ്എഫ്‌ഐ നേതാവ് ഷാജി

single-img
26 July 2022

വയനാട്ടിൽ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചിനിടെ ചുവരിലുണ്ടായിരുന്ന ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് എസ്എഫ്‌ഐ വയനാട് മുന്‍ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. തികച്ചും സമാധാനപരമായ സമരമായിരുന്നു എസ്എഫ്‌ഐ നടത്തിയത്.

എന്നാൽ നേതാക്കളെ ഉൾപ്പെടെ പൊലീസുകാര്‍ മര്‍ദ്ദിച്ചതോടെയാണ് സമരം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്. രാഹുലിന്റെ എംപി ഓഫീസിലെ ഫോട്ടോ തകര്‍ക്കണമായിരുന്നെങ്കില്‍ ആദ്യം തകര്‍ക്കേണ്ടത് രാഹുലിന്റെ ഫോട്ടോയായിരുന്നെന്നും ജിഷ്ണു പറഞ്ഞു.

” അവർ ഗാന്ധിജിയുടെ ഫോട്ടോ സ്വയം തല്ലി തകര്‍ത്തിട്ട് ഉളുപ്പുമില്ലാതെ പറയുകയാണ് എസ്എഫ്‌ഐക്കാര്‍ തല്ലി തകര്‍ത്തെന്ന്. എന്നാൽ അത് പൊളിഞ്ഞതോടെ അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. ഫോട്ടോ തകര്‍ത്തവരെ കണ്ടെത്താന്‍ എസ്എഫ്‌ഐയും ശ്രമിക്കുന്നുണ്ട്. തകര്‍ക്കുകയാണെങ്കില്‍ ആദ്യം തകര്‍ക്കേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയാണ്.

അവിടെ നെഹ്‌റുവിന്റെ ഫോട്ടോയും സോണിയാ ഗാന്ധിയുടെ ഫോട്ടോയുമുണ്ടായിരുന്നു. തകർക്കണം എന്നുണ്ടായിരുന്നു എങ്കിൽ ഗാന്ധിയെന്ന പേര് വാലിന്റെ അറ്റത്ത് ചേര്‍ത്ത ഉളുപ്പില്ലാത്ത രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയാണ്. പ്രകോപനം സൃഷ്ടിക്കുകയാണ് ചില പൊലീസുകാര്‍ ഇങ്ങോട്ട്. കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്ന ചില പൊലീസുകാരാണ് ആ രീതിയില്‍ എസ്എഫ്‌ഐയോട് പെരുമാറുന്നത്..

”രാഹുല്‍ ഗാന്ധി വന്നിട്ട് പറയുകയാണ് ഞാന്‍ എസ്എഫ്‌ഐക്കാരോട് ക്ഷമിക്കുകയാണെന്ന്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എസ്എഫ്‌ഐക്ക് നിങ്ങളുടെ ക്ഷമ വേണ്ട. ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ക്ഷമിച്ചെന്ന് പറയുക, കാരണം അവരാണ് ഗാന്ധിയുടെ ഫോട്ടോ തകര്‍ത്തത്.” കെഎസ്‌യു പ്രവർത്തകർ കാണിക്കുന്നത് പോലെ പട്ടി ഷോ അല്ല എസ്എഫ്‌ഐ മാര്‍ച്ച്- എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് വൈകാരിക സമരമായിരുന്നെന്നും ജിഷ്ണു ഷാജി പറഞ്ഞു.