പാചക വാതക സബ്‌സിഡി; ഒരു വർഷത്തിനിടയിൽ രാജ്യത്ത് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് കോടികൾ

single-img
26 July 2022

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ കേന്ദ്ര പെട്രോളിയം – പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി രേഖാമൂലം നൽകിയ മറുപടിയിലാണ് ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയം തുറന്നു കാട്ടുന്ന കണക്കുകൾ ഉള്ളത്.

2019-20ൽ 24172 കോടി രൂപ സബ്സിഡി നൽകിയത്, 2021-22ൽ വെറും 242 കോടിരൂപയായി കുറച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയുള്ള സബ്സിഡി തുക 2019-20ൽ 22726 കോടി രൂപ ആയിരുന്നത് 2021-22ൽ വെറും 242 കോടി രൂപയായി കുറഞ്ഞു. ബിജെപി രാജ്യത്താകെ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വലയോജന സംബന്ധിച്ചുള്ള കണക്കുകൾ ഏറെ രസകരമാണ്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 2019-20ൽ 1446 കോടി രൂപയായിരുന്നു. 2020-21ൽ ഇത് വെറും 76 കോടി രൂപയായി. 2021-22 ലാകട്ടെ ഈ പദ്ധതിക്ക് ഒരുരൂപയും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു.

സബ്‌സിഡി ഇല്ലാതാക്കി ജനങ്ങളെ കമ്പോളത്തിന്റെ ദയാദാക്ഷണ്യങ്ങൾക്ക് വിട്ട് കൊടുത്തു, കേന്ദ്രസർക്കാർ പൂർണമായും കാഴ്ചക്കാരായി മാറിനിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എഎ റഹിം പറഞ്ഞു.

ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ഉജ്ജ്വൽയോജന പദ്ധതിയുടെ പരസ്യത്തിന് മാത്രം കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യ മാത്രമായിരുന്നു ഈ പദ്ധതിയും. പാചക വാതക സബ്സിഡി അവസാനിപ്പിക്കരുത്, അതിനായുള്ള വിഹിതം കേന്ദ്രം ഉറപ്പാക്കണം. ജനങ്ങളുടെ ജീവിത ചിലവിനെ നേരിട്ട് ബാധിക്കുന്ന ഈ നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.