വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ രാജ്യസഭയിൽ പ്രതിഷേധം; എഎ റഹിം ഉൾപ്പെടെ 19 എംപിമാർക്ക് സസ്‌പെൻഷൻ

single-img
26 July 2022

രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്പെൻഷൻ. സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു.

സ്പീക്കർ അരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. ഇന്ന് 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായതോടെ സഭ നി‍ര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേ‍ര്‍ന്നപ്പോഴും എംപിമാ‍‍ര്‍ പ്രതിഷേധം തുട‍ര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായത്.

. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.