ഫാസിസ്റ്റ് കാലത്ത് സസ്പെൻഷനൊക്കെ ആത്മാഭിമാനത്തിന്റെ പതക്കം; പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് എംപിമാർ

single-img
25 July 2022

ജി എസ് ടി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ചുകൊണ്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിൽ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് എംപിമാരായ രമ്യ ഹരിദാസും ടി എൻ പ്രതാപനും രംഗത്തെത്തി . സസ്പെൻഷൻ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ഫാസിസ്റ്റ് കാലത്ത് സസ്പെൻഷനൊക്കെ തനിക്ക് ആത്മാഭിമാനത്തിന്റെ പതക്കമാണെന്ന് ടി എൻ പ്രതാപൻ പ്രതികരിച്ചു. സ്പീക്കർ നൽകിയ വിലക്ക് മറികടന്ന് സഭയിൽ പ്ലക്കാർഡ് ഉയർത്തിയ സംഭവത്തിലാണ് നാലു കോൺഗ്രസ് എംപിമാരെ ഇന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തത്.

രാജ്യത്ത് ഇപ്പോൾ . ഒരു ഗ്യാസ് സിലിണ്ടറിന് വില ആയിരത്തിനു മുകളിലാണ്. ഇന്ധന വില കൂടിയതോടെ പലചരക്ക് സാധനങ്ങൾക്ക് വിലകൂടി. ജിഎസ്ടിയുടെ നിരക്ക് വർധന നടപ്പിലാക്കിയതോടെ അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വർധിച്ചു. ഈ രാജ്യത്തെ സാധാരണക്കാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ പ്രതിമകൾ സ്ഥാപിക്കുമ്പോഴും സാധാരണക്കാരന്റെ അരവയറിനെക്കുറിച്ച് ബോധമില്ലാത്തവരെ ഉണർത്തേണ്ടത് പാർലമെന്റിലല്ലാതെ പിന്നെ എവിടെയാണെന്ന് രമ്യ ഹരിദാസ് എംപി ചോദിച്ചു.