കോടികള്‍ക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റ് പിടിയിൽ

single-img
25 July 2022

ന്യൂഡല്‍ഹി: കോടികള്‍ക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റ് പിടിയില്‍.

സി.ബി.ഐ സംഘമാണ് വന്‍തട്ടിപ്പിനുള്ള ശ്രമം തകര്‍ത്തത്. നിശ്ചയിച്ചുറപ്പിച്ച തുക കൈമാറുന്നതിനു തൊട്ടുമുന്‍പാണ് തട്ടിപ്പുസംഘത്തെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 100 കോടി രൂപയായിരുന്നു രാജ്യസഭാ സീറ്റിനും ഗവര്‍ണര്‍ പദവിക്കും സംഘം വാഗ്ദാനം ചെയ്തിരുന്നത്.

മഹാരാഷ്ട്രാ സ്വദേശി കര്‍മലാകര്‍ പ്രേംകുമാര്‍ ബന്ദ്ഗര്‍, കര്‍ണാടക സ്വദേശി രവീന്ദ്ര വിത്തല്‍ നായിക്, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് ഐജാസ് ഖാന്‍ എന്നിവരാണ് റാക്കറ്റിലുണ്ടായിരുന്നത്. രാജ്യസഭാ സീറ്റിനും ഗവര്‍ണര്‍ പദവിക്കും പുറമെ വിവിധ സര്‍ക്കാര്‍ കോര്‍പറേഷനുകളില്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനവും മന്ത്രാലയങ്ങളില്‍ ജോലിയുമടക്കം വാഗ്ദാനം ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ഒരു ആഴ്ചയായി ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് സി.ബി.ഐ സംഘം പ്രതികളെ വലയിലാക്കിയത്.

കര്‍മലാകര്‍ പ്രേംകുമാര്‍ സി.ബി.ഐ ഉദ്യോഗസ്ഥനായി ചമഞ്ഞായിരുന്നു തട്ടിപ്പ് നടന്നത്. ഉന്നതതലങ്ങളില്‍ ബന്ധമുള്ളയാളാണെന്ന് ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതാണ് രീതി. പ്രേംകുമാറുമായി ചേര്‍ന്ന് അഭിഷേക് ബൂറയായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്. പ്രേംകുമാറിന്റെ ബന്ധം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം ഉറപ്പാക്കാമെന്നായിരുന്നു പദ്ധതിയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമമായ ‘എന്‍.ഡി.ടി.വി’ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ ഏജന്റുമാരായാണ് പ്രവര്‍ത്തിച്ചത്.