സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
25 July 2022

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയ പാതാ റോഡുകളും സംസ്ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമ‍ര്‍ശനം ഉന്നയിച്ചിരുന്നു.

റോഡുകളിലെ കുഴിയടക്കണമെങ്കില്‍ – കെ റോഡ് -എന്ന് പേരിടണോയെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഹസിക്കുകയും ചെയ്തിരുന്നു. സംസ്ഥാന റോ‍ഡുകള്‍ നന്നാക്കാന്‍ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികളും സര്‍ക്കാര്‍ ഇന്ന് അറിയിക്കും.

നിര്‍മാണം നടത്തി ആറുമാസത്തിനകം റോഡ് പൊട്ടിപ്പൊളിഞ്ഞാല്‍ വിജിലന്‍സ് കേസെടുക്കുകയാണ് വേണ്ടതെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണം. വിജിലന്‍സ് അന്വേഷിക്കണം. ഒരു വര്‍ഷത്തിനുളളില്‍ വകുപ്പുതല ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. ഉത്തരവാദികളായവര്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകണം. റോഡ് അറ്റകുറ്റപ്പണിക്കുളള പണം ഇപ്പോള്‍ വകമാറ്റുകയാണ്. ഇത് ശരിയല്ല. അപകടങ്ങള്‍ ദിവസംതോറും കൂടിവരുന്നു. ഇതിങ്ങനെ അനുവദിക്കാനാകില്ല.

പലതവണ റോഡുകളുടെ അറ്റകുറ്റപണി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ റോഡ് എന്ന് പേര് മാറ്റിയാലേ അറ്റകുറ്റപ്പണി നടത്തൂ എന്നാണോ സര്‍ക്കാര്‍ നിലപാടെന്നും കോടതി പരിഹാസത്തോടെ ചോദിച്ചു. എന്‍ജിനിയര്‍മാര്‍ കാറില്‍ നിന്നിറങ്ങി റോഡിലൂടെ നടന്ന് പോകണം. അപ്പോള്‍ മാത്രമേ അതിന്‍റെ ബുദ്ധിമുട്ട് മനസിലാകൂ. മഴക്കാലത്ത് കുഴികള്‍ പോലും കാണാന്‍ പറ്റാത്ത നിലയിലാണ്. .

കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുന്പോഴും റോഡ് നന്നാക്കാന്‍ നടപടിയില്ല. എന്നാല്‍ സംസ്ഥാന റോ‍ഡുകള്‍ നന്നാക്കാന്‍ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.