ഇത് പിണറായി സര്‍ക്കാരല്ല, എല്‍.ഡി.എഫ്. സര്‍ക്കാര്‍: ബ്രാന്‍ഡിങ്ങിനെതിരേ സി പി ജില്ലാ സമ്മേളനത്തിൽ വിമർശനം

single-img
25 July 2022

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സി.പി.എം. ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് സി പി ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. ഇത് മുന്‍ ഇടതുസര്‍ക്കാരുകളുടെ കാലത്ത് കാണാത്ത രീതിയാണെന്നും എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സി.പി.ഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ അവസാനിച്ച സമ്മേളനത്തിലാണ് സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനം ഉണ്ടായത്.

എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെ നിലയ്ക്കുനിര്‍ത്താന്‍ ഇടപെടണമെന്നും ജനകീയ വിഷയങ്ങളില്‍ പഴയതുപോലുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നായിരുന്നു വിമര്‍ശനം ഉയർന്നു. സ്വന്തം മന്ത്രിമാരുടെ ഭക്ഷ്യ-കൃഷി വകുപ്പുകള്‍ക്കെതിരേയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് എതിരേയും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

ആനി രാജയെ എം.എം. മണി വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. പോലീസില്‍ ആര്‍.എസ്.എസ്. കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.

വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന പദ്ധതിയായിട്ട് പോലും സില്‍വര്‍ ലൈനില്‍ സി.പി.ഐ. നിലപാട് മയപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും സി.പി.ഐ. നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെ.എസ്.ഇ.ബിയേയും കെ.എസ്.ആര്‍.ടി.സിയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.