ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസ് നൽകും: വിടി ബൽറാം

single-img
25 July 2022

ഫേസ്ബുക്ക് പോസ്റ്റിൽ താൻ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ കൂടിയായ അഡ്വ. ജി കെ മധു തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവും കെപിസിസി ഉപാധ്യക്ഷനുമായ വിടി ബൽറാം . തങ്ങൾ കോൺഗ്രസുകാരാണ് എന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ലെന്ന് ബല്‍റാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗാന്ധിജിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസും ട്രെയ്നിങ്ങും നല്‍കാന്‍ ചിന്തന്‍ ശിബിറില്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൃത്യമായ നിര്‍ദേശം ഇതുസംബന്ധിച്ച് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലെയുള്ള വിഷയങ്ങളിലെ കോണ്‍ഗ്രസിന്റെ നിലപാട് അത് വ്യക്തമാക്കും. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തമായ ദിശാബോധം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ അവരുടെ വ്യക്തിപരമായി കാഴ്ചപ്പാടാണ്. അത്തരത്തിലുള്ള ആളുകളല്ല ശരിക്കും കോണ്‍ഗ്രിസിലുള്ളതെന്നും കോണ്‍ഗ്രസിലുള്ളവര്‍ക്ക് കൃത്യമായ ദിശാബോധമുണ്ടെന്നും ബല്‍റാം പറയുന്നു.

നമ്മുടെ രാജ്യത്തെ മതേതരത്വം അടിസ്ഥാനപരമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സമരത്തിന്റെ ഭാഗമായാണ് ഇത്തരം ആശയങ്ങള്‍ ഇവിടെ വേരുറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആ ആശയങ്ങളെ വേരുറപ്പിക്കുന്നതിനുള്ള കൃത്യമായ പ്രചാരകരായി മാറാനും ആ ആശയങ്ങള്‍ സംഘപരിവാറിനാല്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുമുള്ള കര്‍മപോരാളികളായി പ്രവര്‍ത്തകരെ മാറ്റുക എന്നതാണ് പാര്‍ട്ടി ലക്ഷ്യംവെക്കുന്നതെന്നും ബൽറാം കൂട്ടിച്ചേർത്തു.