അഫ്ഗാന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമത്തെ വിമര്‍ശിച്ച വിദേശ മാധ്യമ പ്രവര്‍ത്തകയെ താലിബാന്‍ കസ്റ്റഡിയിലെടുത്തു

single-img
24 July 2022

അഫ്ഗാന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമത്തെ വിമര്‍ശിച്ച വിദേശ മാധ്യമ പ്രവര്‍ത്തകയെ താലിബാന്‍ കസ്റ്റഡിയിലെടുത്തു.

കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുന്നതായും, ലൈംഗിക അടിമകളായി ഉപയോഗിച്ചുവെന്നും ആരോപിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫോറിന്‍ പോളിസി റൈറ്റര്‍ ലിന്‍ ഒ ഡോണലിനെയാണ് തടഞ്ഞുവച്ച്‌ ഭീഷണിപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ വനിതയെ 3 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചു. തന്‍്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാനും, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാനും തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഭീഷണി ഭയന്ന് ലിന്‍ ക്ഷമാപണവും നടത്തി. “താലിബാന്‍ അധികാരികള്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ ബലമായി വിവാഹം കഴിക്കുകയും, പെണ്‍കുട്ടികളെ കമാന്‍ഡര്‍മാര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച്‌ എഴുതിയ റിപ്പോര്‍ട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു” – ലിന്‍ ഒ ഡോണല്‍ ട്വീറ്റ് ചെയ്തു.

വിഷയം ചര്‍ച്ചയായതിന് പിന്നാലെയാണ് താലിബാന്‍ ഭീഷി ഒ ഡോണല്‍ വെളിപ്പെടുത്തിയത്. ‘മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലില്‍ ഇടുമെന്ന് പറഞ്ഞു. താന്‍ സ്വന്തം ഇഷ്ടത്തോടെയാണ് റിപ്പോര്‍ട്ട് പിന്‍വലിക്കുന്നതെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പറഞ്ഞ് എന്റെ വീഡിയോ ഉണ്ടാക്കി. ക്ഷമാപണ ട്വീറ്റ് നിരവധി തവ അവര്‍ മാറ്റം വരുത്തി. എല്‍ജിബിടിക്യു വ്യക്തികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിനെ താലിബാന്‍ തള്ളി, രാജ്യത്ത് സ്വവര്‍ഗ്ഗാനുരാഗികള്‍ ഇല്ലെന്നും അവര്‍ അവകാശപ്പെട്ടു’ ഒ ഡോണല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭീഷണി ഭയന്ന് ലിന്‍ രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോയതായി റിപ്പോര്‍ട്ട് ഉണ്ട്. 20 വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഒരു യുദ്ധ പത്രപ്രവര്‍ത്തകയാണ് ലിന്‍.