18 വയസ്സുകാരിയായ മകള്‍ ഗോവയില്‍ നടത്തുന്ന റെസ്റ്റോറന്റിന്റെ പേരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുനേരെ ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ്

single-img
24 July 2022

ന്യൂഡല്‍ഹി: 18 വയസ്സുകാരിയായ മകള്‍ ഗോവയില്‍ നടത്തുന്ന റെസ്റ്റോറന്റിന്റെ പേരില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിക്കുനേരെ ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ്.

സ്മൃതി ഇറാനിയുടെ മകള്‍ സോയ്ഷ് ഇറാനിയുടെ ഉടമസ്ഥതയില്‍ ഗോവയിലുള്ള ബാര്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും ‘സംസ്‌കാരി’ ഭക്ഷണമല്ല മദ്യവും മാംസവുമാണ് റെസ്റ്റോറന്റില്‍ വിളമ്ബുന്നതെന്നും എ.ഐ.സി.സി മാധ്യമവിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര ആരോപിച്ചു.

എന്നാല്‍, ഗാന്ധിമാര്‍ക്കെതിരെ സംസാരിക്കുന്നതു കൊണ്ടാണ് കോണ്‍ഗ്രസ് തന്റെ മകളെ ആക്രമിക്കുന്നതെന്നാണ് സ്മൃതി ഇറാനി ഇതിനോട് പ്രതികരിച്ചത്. മകള്‍ക്ക് റെസ്റ്റോറന്റുമായി ഒരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്മൃതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പവന്‍ ഖേര ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

‘സില്ലി സോള്‍ കഫേ ആന്‍ഡ് ബാര്‍’ എന്ന പേരിലാണ് ഇറാനിയുടെ മകളുടെ പേരില്‍ നോര്‍ത്ത് ഗോവയില്‍ റെസ്‌റ്റോറന്റും ബാറും പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു പവന്‍ ഖേര റെസ്റ്റോറന്റുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ടത്.

വ്യാജ ലൈസന്‍സിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമാണ് പവന്‍ ഖേര ഉന്നയിച്ചത്. 2021 മേയില്‍ മരിച്ച ആളുടെ പേരിലാണ് ലൈസന്‍സുള്ളത്. എന്നാല്‍, ലൈസന്‍സ് എടുത്തിരിക്കുന്നത് ജൂണ്‍ 2022നും. 13 വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരില്‍ ലൈസന്‍സ് എടുത്താണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം ഗോവ നിയമപ്രകാരം ഒരു റെസ്റ്റോറന്റിന് ഒരു ബാറിനുള്ള ലൈസന്‍സേ ലഭിക്കൂ. എന്നാല്‍, സ്മൃതി ഇറാനിയുടെ മകളുടെ റെസ്റ്റോറന്റിന് രണ്ട് ബാര്‍ ലൈസന്‍സുകളുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിസഭയില്‍നിന്ന് സ്മൃതി ഇറാനിയെ ഉടന്‍ തന്നെ പുറത്താക്കണമെന്ന് പവന്‍ ഖേര ആവശ്യപ്പെട്ടു.

കോടതിയില്‍ കാണാമെന്ന് സ്മൃതി ഇറാനി

എന്നാല്‍, പവന്‍ ഖേരയുടെ വാര്‍ത്താസമ്മേളത്തിനു പിന്നാലെ വിശദീകരണവുമായി സ്മൃതി ഇറാനി രംഗത്തെത്തി. വികാരഭരിതയായായിരുന്നു സ്മൃതിയുടെ വാര്‍ത്താസമ്മേളനം. മകള്‍ കോളജില്‍ പഠിക്കുകയാണെന്നും അവള്‍ ബാര്‍ നടത്തുന്നില്ലെന്നും സ്മൃതി വ്യക്തമാക്കി. ലൈസന്‍സിലെ പേര് കാണിച്ചായിരുന്നു സ്മൃതിയുടെ വിശദീകരണം.

”18കാരിയായ ഒരു പെണ്‍കുട്ടിയെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത് അവളുടെ അമ്മ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ സംസാരിക്കുന്നുവെന്ന ഒറ്റ കുറ്റത്തിനാണ്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും നടത്തിയ 5,000 കോടി രൂപയുടെ കൊള്ളയെക്കുറിച്ച്‌ അവളുടെ അമ്മ വാര്‍ത്താസമ്മേളനം വിളിച്ചു തുറന്നുപറഞ്ഞതാണ് അവളുടെ കുറ്റം.”

രാഹുല്‍ ഗാന്ധിയെ അമേത്തിയിലേക്ക് അയക്കൂ. രാഹുല്‍ ഗാന്ധിയെ ഒരിക്കല്‍കൂടി തൊല്‍പിച്ചുതരാം. ബാക്കി കാര്യങ്ങള്‍ കോടതിയില്‍ വച്ചു കാണാമെന്നും സ്മൃതി മുന്നറിയിപ്പ് നല്‍കി.

പവന്‍ ഖേരയുടെ പ്രത്യാക്രമണം

സ്മൃതി ഇറാനിയുടെ വിശദീകരണത്തിനു പിന്നാലെ മകളുമായി റെസ്റ്റോറന്റിനുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പവന്‍ ഖേരയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഭക്ഷണരംഗത്ത് വിദഗ്ധനായ എഴുത്തുകാരന്‍ കുനാല്‍ വിജയ്ക്കര്‍ കഴിഞ്ഞ ഏപ്രിലില്‍ ഇന്‍സ്റ്റഗ്രാമിലിട്ട റെസ്‌റ്റോറന്റിന്റെ റിവ്യൂ കാണിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യാക്രമണം.

സില്ലി സോള്‍സിലെ ഭക്ഷണ വിഭവങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു കുനാലിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ഇതില്‍ സോയിഷ് ഇറാനിയുടെ റെസ്‌റ്റോറന്റാണെന്ന് വ്യക്തമാക്കുന്നുണ്ട്. കുനാലിന്റെ റിവ്യു സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിമാനമെന്ന അടിക്കുറിപ്പോടെ മകളെയും റെസ്‌റ്റോറന്റിന്റെ പേജും കുറിപ്പില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.