ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും അമ്മയുടെ മാത്രം പേര് ഉള്‍പ്പെടുത്താന്‍ പൗരന് അവകാശമുണ്ട്; ഹൈകോടതി

single-img
24 July 2022

കൊച്ചി: ജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്റെ മാത്രം പേര് ഉള്‍പ്പെടുത്താന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി.പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ അമ്മയായ സ്ത്രീയുടെ മകന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിട്ടത്

ജനനസര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പാസ്‌പോര്‍ട്ടിലും രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് നീക്കം ചെയ്ത് മാതാവിന്റെ പേര് മാത്രം ചേര്‍ത്തുനല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയില്‍ എത്തുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് മാതാവ് ഗര്‍ഭിണിയായതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്റെ ഓരോ രേഖകളിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അവിവാഹിതയായ സ്ത്രീയുടെ കുഞ്ഞും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അവിവാഹിതകളുടെയും മക്കളുടെയും സ്വകാര്യത, അന്തസ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല. മാതാപിതാക്കള്‍ ആരെന്നറിയാതെ അപമാനിതനായതിന്റെ പേരില്‍ സ്വന്തം ജന്മത്തെ ശപിക്കുന്ന കര്‍ണന്‍മാരില്ലാത്ത സമൂഹമാണ് നമുക്ക് വേണ്ടത്. ഭരണഘടനയും ഭരണഘടനാ കോടതികളും സംരക്ഷിക്കുമെന്നതിനാല്‍ പുതിയ കാലത്തെ കര്‍ണന്‍മാര്‍ക്ക് മറ്റുള്ളവരെപ്പോലെ അന്തസോടെ ജീവിക്കാനാവുമെന്നും കോടതി പറഞ്ഞു.