പശ്ചിമ ബംഗാളിലെ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്തു

single-img
23 July 2022

പശ്ചിമ ബംഗാളിലെ മന്ത്രി പാർത്ഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടിത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് അർപ്പിത മുഖർജി എന്നാണു ഇ ഡി പറയുന്നത്. അർപ്പിത മുഖർജിയുടെ വസതിയിൽ പാർത്ഥ ചാറ്റർജി ഇടയ്ക്കിടെ സന്ദർശിക്കാറുള്ളതായും ഇ ഡി പറയുന്നു. അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 ലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് രേഖകൾ, രേഖകൾ, സംശയാസ്പദമായ കമ്പനികളുടെ വിശദാംശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും ഇഡി കണ്ടെടുത്തിട്ടുണ്ട്.

പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ ആരോപണം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡ‍ി സംശയിക്കുന്നത്.

പശ്ചിമ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനാണ് പാർത്ഥ ചാറ്റർജി. അറസ്റ്റ് ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ്. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്.