സ്വർണക്കടത്ത് കേസ് വിചാരണ കർണാടകയിലേക്ക് മാറ്റരുത്: ശിവശങ്കർ

single-img
23 July 2022

സ്വർണക്കടത്ത് കേസിന്റെ വിചാരണ കർണാടകയിലേക്കു മാറ്റരുത് എന്ന് എം.ശിവശങ്കർ. സുപ്രീം കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടു എം.ശിവശങ്കർ തടസ ഹർജി നൽകി. സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്കു മാറ്റണമെന്ന ഇ ഡി യുടെ ആവശ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കും മുന്നേ തന്റെ വാദം കേൾക്കണമെന്നാണ് ആവശ്യം.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പടെ ഉള്ളവർ സാക്ഷികളെ സ്വാധീനിക്കും എന്ന് ആരോപിച്ചാണ് കോടതി മാറ്റാൻ ഇഡി അപേക്ഷ നൽകിയത്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയും കേസിലെ പ്രധാന പ്രതി ആരോപണം ഉണ്ടയിച്ചു എന്നതും പരിഗണിക്കണം എന്നും ഇ ഡി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. വേണമെങ്കിൽ കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിക്കാം എന്നും ഇഡി അറിയിച്ചിരുന്നു.

വിചാരണാനടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയായിരുന്നു ഇഡിയുടെ നിർണായക നീക്കം. അന്വേഷണത്തിന്‍റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുള്ള ഉന്നതനു വേണ്ടിയാണിത്. സ്വപ്നയുടെ മൊഴി മാറ്റിക്കാനും സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസ്സമുണ്ടാക്കും. വ്യാജ തെളിവുകളുണ്ടാക്കി വിചാരണ അട്ടിമറിച്ചേക്കുമെന്നും ഹർജിയിൽ ഇഡി ആരോപിച്ചു.