എൻഐഎയുടെ പക്കലുണ്ടായിരുന്ന ശിവശങ്കറിന്റെ ഐഫോൺ കാണാനില്ല: സ്വപ്ന സുരേഷ്

single-img
22 July 2022

മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും പങ്ക് സംബന്ധിച്ച ചാറ്റുകളും വിവരങ്ങളും അടങ്ങുന്ന എൻഐഎ പിടിച്ചെടുത്ത ശിവശങ്കറിന്റെ ഐഫോൺ കാണാനില്ലെന്നു സ്വപ്ന സുരേഷ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് എൻഐഎ പിടിച്ചെടുത്ത സാധനങ്ങളുടെ മഹസറിൽ ഈ ഐ ഫോൺ ഇല്ല എന്ന് സ്വപ്ന സുരേഷ് ആരോപിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണെന്നും, ഗൂഢാലോചനക്കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിൽ സർക്കാരിനു മറുപടിയായാണ് സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

അതെ സമയം കേരളത്തിൽ നിന്നുള്ള ‘ മാധ്യമം’ ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇന്ത്യൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും സ്വപ്ന ആരോപിക്കുന്നു.

ഇന്നലെ കേരളാ ഹൈക്കോടതിയിലായിരുന്നു സ്വപ്നയുടെ ഈ വെളിപ്പെടുത്തല്‍. മാധ്യമം പത്രത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാൻ ഇടപെടണമെന്ന് സ്വപ്നയോട് ജലീൽ കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടുവെന്നും പറയ്യുന്നു.

മാധ്യമത്തിൽ വന്ന വാർത്ത യു എ ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രത്തിനെ നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറയുന്നു.