ജീവിച്ചിരിക്കാത്ത ആളുടെ പേരില്‍ ബാർ ലൈസൻസ്; സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ പരാതി

single-img
22 July 2022

ജീവിച്ചിരിക്കാത്ത ആളുടെ പേരില്‍ ബാർ ലൈസൻസ് സ്വന്തമാക്കി എന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ പരാതി . ഗോവയില്‍ നിയമവിരുദ്ധമായി ബാര്‍ ലൈസന്‍സ് സ്വന്തമാക്കി എന്നാണ് സ്മൃതി ഇറാനിയുടെ മകള്‍ സോയ്ഷ് ഇറാനിക്കെതിരെയുള്ള പരാതി. ആന്റണി റോഡ്രിഗസ് എന്ന് പേരുള്ള ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ പരാതിയുമായി വന്നിട്ടുള്ളത്.

ഇയാൾ നൽകിയ പരാതിയിൽ വടക്കന്‍ ഗോവയിൽ പ്രവർത്തിക്കുന്ന സോയ്ഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറിനെതിരെ എക്‌സൈസ് വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകളുടെ പേരിലുള്ള ബാറിന്റെ ലൈസന്‍സ് മരിച്ചുപോയ മുംബൈ സ്വദേശിയായ ആന്റണി ഗാമ എന്നയാളുടെ പേരിലാണ് എടുത്തിട്ടുള്ളത്.

ഈ വ്യക്തി 2021 മേയ് 17ന് മരിച്ചു. പക്ഷെ 2022 ജൂണ്‍ 22ന് ആന്റണി ഗാമയുടെ പേരിലുള്ള ബാര്‍ ലൈസന്‍സ് പുതുക്കി വാങ്ങി എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഗോവയിൽ നിലവിലുള്ള നിയമപ്രകാരം ഒരു റസ്റ്ററന്റായി പൂര്‍ണമായും മാറാതെ ലൈസന്‍സ് ലഭിക്കില്ല. പക്ഷെ മുൻപ് ഒരു കഫേ മാത്രമായി പ്രവര്‍ത്തിച്ച സ്ഥാപനം അനധികൃതമായി ലൈസന്‍സ് സ്വന്തമാക്കിയെന്നാണ് മറ്റൊരു ആരോപണം ഉയർന്നിട്ടുള്ളത്..