കിഫ്ബിയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്: കോടിയേരി ബാലകൃഷ്ണൻ

single-img
22 July 2022

കിഫ്ബിക്കെതിരെ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ഇഡി കേസെടുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കിഫ്ബിയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റിന് പുറത്തുള്ള ഒരു പ്രവർത്തനവും സംസ്ഥാനത്ത് നടത്താൻ പാടില്ല എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിന് മുന്നേയായി എല്ലാ വികസന പ്രവർത്തനവും നിർത്തലാക്കണം. ആ രീതിയിൽ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഇൻഡിഗോ വിമാനകമ്പനി വിലക്കേർപ്പെടുത്തിയത് ദൗർഭാഗ്യകരമായ നിലപാടാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ്ര ഉറപ്പുവരുത്താൻ ചുമതലയുള്ള അംഗരക്ഷകർക്കെതിരെയും കേസെടുത്തിരിക്കയാണെന്നും ഇതെല്ലാം പുനഃപരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി പ്രശ്നത്തിൽ മുൻ ധനമന്ത്രി തോമസ് ഐസകിനെ ഇഡി വിളിപ്പിച്ചിരിക്കയാണ്. ഇഡിയുടെ നടപടിയെ നിയമപരമായും രാഷ്രടീയമായും നേരിടണം എന്നാണ് പാർടി തീരുമാനിച്ചിട്ടുള്ളത്. ഇഡിക്കെതിരെ കോൺഗ്രസ് ഇന്നലെ എടുത്ത നിലപാട് സ്വഗതാർഹമാണ്. എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റാണ് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചത്. എന്നാൽ അപ്പോളൊന്നും ഇഡിക്കെതിരെ നിലപാടെടുത്തില്ല. രാഹുൽഗാന്ധി, സോണിയാ ഗാന്ധി എന്നിവർക്ക് എതിരെ ഇഡി വന്നപ്പോഴാണ് കോൺഗ്രസ് ഉണർന്നത് . കോൺഗ്രസ് നേതാക്കളായ ചിദംബരത്തേയും ഡി ശിവകുമാറിനേയും ജയിലിൽ അടച്ചിട്ട്പോലും കോൺഗ്രസ് ഉണർന്നിരുന്നില്ല. എങ്കിലും ഇപ്പോൾ എതിർ നിലപാട് സ്വീകരിച്ചത് സ്വഗതാർമാണ്.

അതേസമയം, ഇഡിയുടെ മുന്നിൽ ഹാജരാകില്ല എന്ന നിലപാട് സിപിഎമ്മിനില്ല. എന്നാൽ നോട്ടീസ് അയച്ച ഉടനെ പോകേണ്ട കാര്യമില്ല. ഇൻഡിഗോ വിഷയത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചിരിക്കയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ചുമതല അംഗരക്ഷകർക്കാണ്. മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിക്കുന്നത് അംഗരക്ഷകർ തടഞ്ഞത് അക്രമമാണെന്നാണ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത് . ഇതെല്ലാം തിരുത്തപ്പെടേണ്ടതാണെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.