സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടി; തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ് യൂത്ത്‌ കോണ്‍ഗ്രസ് പ്രതിഷേധം

single-img
21 July 2022

നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെയുള്ള ഇ ഡി നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രവര്‍ത്തകര്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ട്രെയിന്‍ തടഞ്ഞു.

തമ്പാനൂർ നിന്നും ചെന്നൈ സെന്‍ട്രലിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനിന് മുകളിലേക്ക് കേറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കിൾ ഇഡിക്കും എതിരായും മുദ്രാവാക്യം മുഴക്കി. തൊട്ടു പിന്നാലെ വന്ന രാജധാനി എക്‌സ്പ്രസിന്റെ മുന്നിലും പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഏകദേശം 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു. ആര്‍പിഎഫ് കാര്യാലയത്തിന് മുന്നിലും പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.