അറസ്റ്റ് ജാമ്യം വീണ്ടും അറസ്റ്റ് വീണ്ടും ജാമ്യം; നാണക്കേടിന്റെ പടുകുഴിയിൽ വീണ് കേരള പോലീസ്

single-img
20 July 2022

കഴിഞ്ഞ കുറച്ചു കാലമായി കേരളാ പോലീസിലെ എല്ലാ നടപടികളും ഫലത്തിൽ പൊലീസിന് തന്നെ നാണക്കേടായി മാറുകയാണ്. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ മൂന്നുമാസം തിരുവനന്തപുര നഗരത്തിലെ മൂന്ന് അസിസ്റ്റന്റ് കമ്മീഷണർമാർ എടുത്ത നടപടികൾ. ഇതെല്ലാം പോലീസിനെ തിരിച്ചടിയായി എന്ന് മാത്രമല്ല വൻ നാണക്കേടുമായി.

വിദ്വേഷ പ്രസംഗത്തിന് പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയ ഫോർട്ട് കമ്മീഷണറുടെ നടപടി ആയിരുന്നു ആദ്യം നാണക്കേടിനു തുടക്കമിട്ടത്. പി സി ജോർജിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ സർക്കാർ വക്കീൽ പോലും എത്തിയില്ല എന്നിടത്തു പോലീസിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ് വ്യക്തമാക്കുന്നത്. ആരെയോ തൃപ്തിപ്പെടുത്താൻ വേണ്ടി നടത്തിയ അറസ്റ്റ് നാടകം പോലെ ജനങ്ങൾക്ക് തോന്നിയാൽ പോലും കുറ്റം പറയാൻ കഴിയാത്ത അത്ര നാണക്കേട്. അവസാനം അന്ന് തന്നെ ജാമ്യം വാങ്ങി പി സി ജോർജ് വീട്ടിൽ പോയി.

അടുത്ത ഊഴം കന്റോൺമെന്റ് എസിയുടെ ആയിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി സി ജോർജിനെ സോളാർ കേസ് പ്രതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്തു. ഒരു ദിവസം ജയിലിൽ കിടത്താനായി എന്നത് ഒഴുച്ചു നിർത്തിയാൽ പി സി ജോർജിനും കോടതി ജാമ്യം നൽകി.

അടുത്തതായി വിളിച്ചുവരുത്തിയത് മുൻ എം എൽ എയും യൂത്തു കോൺഗ്രസ് ഉപാധ്യക്ഷനുമായ ശബരീനാഥിനെ ആണ്. അറസ്റ്റ് ചെയ്തത് ശങ്കുമുഖം എ സിയും. പക്ഷെ സന്ധ്യ ആകുന്നതിനു മുന്നേ തന്നെ ശബരീനാഥിനും ജാമ്യം ലഭിച്ചു.

എന്നാൽ ഇതിനിടെ ആണ് പോലീസ് സംരകഷണത്തിൽ ഉള്ള സി പി എം ആസ്ഥാനമായ എകെ സെന്റർ നേരെ ബോംബെറിഞ്ഞത്. അതും പോലീസിന്റെ മൂക്കിന് താഴെ. രണ്ടര ആഴ്ച കഴിഞ്ഞിട്ടും ഇത് വരെ പ്രതികളെ കുറിച്ച് ഒരു സൂചന പോലും കേരളാ പോലീസിനു ലഭിച്ചിട്ടില്ല.

പോലീസിനെ രാഷ്ട്രീയമായി സർക്കാർ ഉപയോഗിക്കുകയാണ് എന്ന് പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കുകയാണ് പോലീസിന്റെ നിരന്തരം വീഴ്ചകൾ ചർച്ചയാകുന്നത്.