മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യും: ഷാഫി പറമ്പിൽ

single-img
19 July 2022

വിമാനത്തിലെ കരിങ്കൊടി പ്രതിഷേധത്തിന് നിർദ്ദേശം നൽകിയ പേരിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ നാളെ മുതൽ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ.

അങ്ങിനെ ചെയ്‌താൽ എത്ര പേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് നോക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു .മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ പറയുന്നത് എന്തിനാണ്. ഇപി ജയരാജനാണ് വധിക്കാൻ ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം കേരളാ പോലീസ് അടിമപ്പണി ചെയ്യുന്നു. മിണ്ടാതാക്കാൻ ശ്രമിക്കണ്ട. തൽക്കാലം അതിന് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 10.50ന് ശബരീനാഥിനെ അറസ്റ്റ് ചെയ്‌തെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഈ കാര്യത്തിൽ ഗൂഢാലോചനക്ക് പൊലീസിനെതിരെ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ കൽപ്പന പ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നത്. അല്ലാതെ നിയമാനുസൃതമല്ല. അതിനെ കോടതിയിലും ജനങ്ങളുടെ മുന്നിലും തുറന്ന്കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.