ലോകത്തിലെ ഏറ്റവും അപകടകരമായി കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ സ്ഥിരീകരിച്ചു

single-img
18 July 2022

ഘാന; ലോകത്തിലെ ഏറ്റവും അപകടകരമായി കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ സ്ഥിരീകരിച്ചു. രണ്ട് പേരിലാണ് രോഗം കണ്ടെത്തിയത്.

ഇതാദ്യമായാണ് ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗമുണ്ടെന്ന സംശയിക്കുന്ന രണ്ട് പേരുടെ രക്തസാമ്ബിളുകള്‍ ഈ മാസം ആദ്യം പരിശോധനയ്ക്കായി എടുത്തിരുന്നു. സാമ്ബിളുകള്‍ സെനഗലിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചത്. ഇവിടെ വെച്ച്‌ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഘാന ഹെല്‍ത്ത് സര്‍വീസ് (ജിഎച്ച്‌എസ്) അറിയിച്ചു.രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 98 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.അതേസമയം ഘാനയില്‍ മാര്‍ബര്‍ഗിന്റെ മറ്റ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എബോള പോലെ തന്നെ മാരകമായി കണക്കാക്കപ്പെടുന്ന മാര്‍ബര്‍ഗ് വൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ നിലവില്‍ ഇല്ല.

നേരത്തേ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ മാര്‍ബര്‍ഗ് സ്ഥിരീകരിച്ചിരുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ നിന്നാണ് മാര്‍ബര്‍ഗ് വൈറസ് പടരുന്നത്.കടുത്ത പനി, പേശീവേദന, രക്തസ്രാവം, മസ്തിഷ്ക ജ്വരം, ഛര്‍ജ്ജി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മരണ സാധ്യത 24 ശതമാനം മുതല്‍ 88 ശതമാനം വരെയാണെന്ന് ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കുന്നു. ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ എന്നിവയണ് രോഗനിര്‍ണയത്തിന് പ്രധാനമായും ആശ്രയിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വവ്വാലുകളുടെ സങ്കേതങ്ങളില്‍ പോകാതിരിക്കണമെന്നും എല്ലാ മാംസ ഉത്പന്നങ്ങളും കഴിക്കുന്നതിന് മുന്‍പ് നന്നായി പാചകം ചെയ്യണമെന്നും ഘാന ആരോഗ്യ അധികൃതര്‍ നിര്‍ദ്ദേശിച്ചു. രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.

1967 ലാണ് മാര്‍ബര്‍ഗ് വൈറസ് ആദ്യമായി ലോകത്ത് സ്ഥിരീകരിച്ചത്. പശ്ചിമ ജര്‍മിനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലായിരുന്നു രോഗം കണ്ടെത്തിയത്. വാക്സിന്‍ ലബോറട്ടറികളില്‍ ജോലി ചെയ്യുന്നവരിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്നും പരിശോധനയ്ക്കായി ലാബില്‍ എത്തിച്ച കുരങ്ങന്‍മാരില്‍ നിന്നായിരുന്നു ഇവര്‍ക്ക് രോഗം പകര്‍ന്നത്.