പണപ്പെരുപ്പത്തിന് അയവു വന്നാല്‍ ടെസ്‌ല കാറുകളുടെ വില കുറയ്ക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക്

single-img
18 July 2022

പണപ്പെരുപ്പത്തിന് അയവു വന്നാല്‍ ടെസ്‌ല കാറുകളുടെ (Tesla Car) വില കുറയ്ക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് (Elon Musk).

മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക് വാഹന കമ്ബനിയാണ് (electric vehicle company) ടെസ്‍ല. ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മസ്ക്. മഹാമാരിക്കു ശേഷം ടെസ്‍ല കാറുകളുടെ വില കുറക്കുമോ എന്നായിരുന്നു ചോദ്യം.

കഴിഞ്ഞ മാസവും, ടെസ്‍ല ഇലക്‌ട്രിക് കാറുകളുടെ വില വര്‍ദ്ധിപ്പിച്ചിച്ചിരുന്നു. ടെസ്‍ലയുടെ ചില മോഡലുകള്‍ക്ക് 6,000 ഡോളര്‍ വരെ കൂടിയിരുന്നു. 2021 ല്‍ മിക്കവാറും എല്ലാ മാസങ്ങളിലും വില വിര്‍ദ്ധനവ് ഉണ്ടായിരുന്നു. അതിനല്‍പം അയവു വന്നത് ഈ വര്‍ഷമാണ്.

ടെസ്‍ലയുടെ മോഡല്‍ 3 ക്ക് ആണ് ഏറ്റവും കുറവ് വില വര്‍ദ്ധനവ് ഉണ്ടായത്. മോഡല്‍ 3 യുടെ വില 54,490 ഡോളറില്‍ നിന്ന് 57,990 ഡോളറിലേക്കാണ് എത്തിയത്.

ടെസ്‌ലയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മോഡലായി മാറിയ മോഡല്‍ Y യുടെ വിലയിലാണ് കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായത്. ഇലക്‌ട്രിക് എസ്‌യുവിയുടെ രണ്ട് പതിപ്പുകള്‍ക്കും വില വര്‍ദ്ധിച്ചു. മോഡല്‍ Y ലോംഗ് റേഞ്ചിന്റെ വില 62,990 ല്‍ നിന്ന് 65,990-‍ഡോളറിലേക്കാണ് എത്തിയത്.

അതേസമയം, ടെസ്‍ലയില്‍ പിരിച്ചു വിടലുണ്ടാകുമെന്ന സൂചന നല്‍കി ഇലോണ്‍ മസ്ക് രം​ഗത്തെത്തിയിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കമ്ബനിയിലെ സ്ഥിര വേതനക്കാരായ 10 ശതമാനം തൊഴിലാളികളെ വെട്ടിക്കുറക്കുമെന്നാണ് ജൂണില്‍ മസ്ക് അറിയിച്ചത്. ബ്ലൂംബെര്‍ഗ് സംഘടിപ്പിച്ച ഖത്തര്‍ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം നടപ്പിലായാല്‍ ടെസ്‌ലയുടെ ജീവനക്കാരുടെ എണ്ണത്തില്‍ ഏകദേശം 3.5 ശതമാനം കുറവുണ്ടാകും. വിവിധ വിഭാ​ഗങ്ങളിലായി കമ്ബനി ഇപ്പോള്‍ 100,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ടെസ്‍ലയുടെ ജീവനക്കാരില്‍ 40 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിരുന്നു. മണിക്കൂര്‍ അടിസ്ഥാനമാക്കിയുള്ള വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ ചിലരെ ടെസ്‌ല പിരിച്ചുവിട്ടിരുന്നു. വടക്കേ അമേരിക്കയിലുള്ള സെയില്‍സ് ആന്‍ഡ് ഡെലിവറി ടീമുകളിലും പിരിച്ചുവിടലുകള്‍ നടന്നിരുന്നു. സാമ്ബത്തിക മേഖല ചില തിരിച്ചടികള്‍ നേരിടുന്നതിനാല്‍, തൊഴിലാളികളുടെ 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും ഈ മാസം ആദ്യം മസ്‌ക് ടെസ്‌ല എക്‌സിക്യുട്ടീവുകള്‍ക്കയച്ച ഒരു ഇമെയിലില്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് പിരിച്ചു വിടല്‍ സംബന്ധിച്ച്‌ മസ്കിന്റെ പരസ്യ പ്രഖ്യാപനം.

ട്വിറ്റര്‍ ഏറ്റെടുത്താല്‍, ചെലവു ചുരുക്കലിന്റെ ഭാ​ഗമായി ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചനയും ഇലോണ്‍ മസ്ക് അടുത്തിടെ നല്‍കിയിരുന്നു. ട്വിറ്ററിന് സാമ്ബത്തിക ഭദ്രത കൈവരിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ആണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് മസ്ക് പറഞ്ഞത്. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.