മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം; നിര്‍ദ്ദേശം നല്‍കിയത് ശബരീനാഥൻ; വാട്സാപ്പ് ചാറ്റ് പുറത്ത് വന്നു

single-img
17 July 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ ശബരിനാഥനെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നു. ‘കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്’ എന്ന് പേരുള്ള യൂത്ത് കോണ്‍ഗ്രസ് ലോഗോ പ്രൊഫൈൽ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്ത് വന്നത്.

മുഖ്യമന്ത്രി പിണറായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരുന്നുണ്ടെന്ന വിവരമാണ് ശബരീനാഥന്‍ എംഎല്‍എ എന്ന പേരില്‍ സേവ് ചെയ്ത നമ്പറില്‍ നിന്നും സന്ദേശമയച്ചിരിക്കുന്നത്. ‘രണ്ടു പേര് ഫ്‌ലൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍…’ എന്ന് നിർത്തുന്ന നിര്‍ദ്ദേശവും ഇതിനൊപ്പമുണ്ട്.

അങ്ങിനെ ചെയ്‌താൽ എന്തായാലും ഫ്‌ലൈറ്റില്‍ നിന്ന് പുറത്ത് ഇറക്കാന്‍ കഴിയില്ലല്ലോ എന്നും പറയുന്നു. അപ്പോൾ ഇതിന് മറുപടിയായി പി പി അഭിലാഷ് ഐവൈസി എന്ന് വാട്‌സ്ആപ്പില്‍ പേരുള്ള നമ്പറില്‍ നിന്നും ഫ്‌ലൈറ്റില്‍ ടിക്കറ്റ് കിട്ടുമോ എന്ന് ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്..

ഇത്തരത്തിൽ ഒരു പ്രതിഷേധം പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ അഭിപ്രായപ്പെടുന്നുണ്ട്.