ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു; കൊവിഡ് വാക്സിൻ വിതരണം 200 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രി

single-img
17 July 2022

രാജ്യത്ത് ഇതുവരെയായി കൊവിഡ് വാക്സിൻ വിതരണം 200 കോടി ഡോസ് പിന്നിട്ടതിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. കൊവിഡിനെതിരെയുള്ള രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം വീണ്ടും ചരിത്രം സൃഷ്ടിച്ചെന്നും 200 കോടി വാക്സിൻ ഡോസ് കടക്കാനായതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങളെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വാക്സിനേഷൻ അളവിലും വേഗതയിലും സമാനതകളില്ലാത്തതാക്കി മാറ്റുന്നതിൽ സംഭാവന നൽകിയ എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യയിൽ കൊവിഡ് വാക്സീന്‍ വിതരണം ഇന്ന് രാവിലെയായിരുന്നു ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടത്. ഒരുവർഷവും ആറു മാസവും കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്സീന്‍ വിതരണം കൃത്യം 18 മാസം പിന്നിടുമ്പോഴാണ് അപൂർവ നേട്ടം കൈവരിക്കാൻ സാധിച്ചത് . നിലവിൽ രാജ്യത്തെ 90 ശതമാനം ആളുകൾക്കും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.