കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷം; പൊലീസ് വെടിവെച്ചു

single-img
17 July 2022

തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. 30 സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അന്‍പതോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

ചിന്നസേലം കണിയാമൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബുധനാഴ്ച പുലര്‍ച്ചെയാണ് ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് അദ്ധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്‌ച പുലർച്ചെ സ്‌കൂൾ ഹോസ്‌റ്റലിൽ വച്ച് സ്‌കൂൾ കാവൽക്കാരനാണ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ നിലയിൽ പെൺകുട്ടിയെ കണ്ടത്.

പെൺകുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങൾ ആരോപണവിധേയരായ അദ്ധ്യാപകർ തള‌ളി. പെൺകുട്ടിയോട് പഠിക്കാൻ പറയുക മാത്രമാണ് ചെയ്‌തതെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്.

മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ദിവസങ്ങളായി സ്കൂള്‍ പരിസരത്ത് സമരം നടത്തുകയാണ്. ഇവര്‍ക്ക് പിന്തുണയുമായെത്തിയ നാട്ടുകാരും വിദ്യാര്‍ഥികളും രാവിലെ ചിന്നസേലം–കള്ളക്കുറിച്ചി റോഡ് ഉപരോധിച്ചു. സ്കൂളിലേക്ക് നീങ്ങാന്‍ തുടങ്ങിയ സമരക്കാരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ രണ്ട് അധ്യാപകരില്‍ നിന്ന് മാനസികപീഡനം നേരിട്ടതായി സൂചനയുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണമെന്നും സ്കൂളിനെതിരെ നടപടി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.