സോഷ്യൽ മീഡിയയിലൂടെ പ്രവാചക നിന്ദ; ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം

single-img
17 July 2022

ബംഗ്ലാദേശിൽ നറൈൽ ജില്ലയിൽ ജനക്കൂട്ടം ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ഹിന്ദു സമൂഹത്തിന്റെ നിരവധി വീടുകൾ നശിപ്പിക്കുകയും ചെയ്തു. പ്രവാചക നിന്ദയുമായി ഒരു ഹിന്ദു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ദിഗാലിയ ഉപസിലയിൽ അക്രമം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആൾക്കൂട്ടആക്രമണത്തിന് ഇരയായതിൽ പലചരക്ക് കടകളും ഹിന്ദു സമൂഹത്തിന്റെ നിരവധി വീടുകളും ഉണ്ടെന്ന് ബംഗ്ളാദേശിൽ നിന്നുള്ള മാധ്യമമായ ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ യുവാവ് മതവികാരം വ്രണപ്പെടുത്തിയെന്ന് രോഷാകുലരായ ഗ്രാമവാസികൾ ആരോപിച്ചു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം പിരിമുറുക്കം രൂക്ഷമായതിനാൽ ഉച്ചയ്ക്ക് ശേഷം ഒരു കൂട്ടം മുസ്ലീങ്ങൾ വീടിന് പുറത്ത് പ്രകടനം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിന്നീട് വീടുകൾ ആക്രമിക്കുകയായിരുന്നു. സഹപാര ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ ജനക്കൂട്ടം അകത്തുള്ള ഫർണിച്ചറുകൾ തകർക്കുകയും സമീപത്തെ നിരവധി കടകൾ നശിപ്പിക്കുകയും ചെയ്തു.

സംഭവം പ്രദേശത്ത് കടുത്ത സംഘർഷത്തിന് ഇടയാക്കിയതായി ലോഹഗഡ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ നരൺ ചന്ദ്ര പാൽ പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് മുന്നറിയിപ്പ് വെടിവയ്ക്കേണ്ടി വന്നുവെന്ന് പോലീസ് ഇൻസ്‌പെക്ടർ ഹരൻ ചന്ദ്ര പോൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നിയമപാലകർ പ്രവർത്തിക്കുന്നുണ്ടെന്ന് നറെയിൽ പോലീസ് സൂപ്രണ്ട് പ്രബീർ കുമാർ റോയ് പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷ ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ കൂടുതലായി നടക്കുന്നുണ്ട്, അവയിൽ പലതും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച കിംവദന്തികൾക്കും വ്യാജ പോസ്റ്റുകൾക്കും ശേഷമാണ്. നിയമാവകാശ സംഘടനയായ ഐൻ ഒ സലീഷ് കേന്ദ്രയുടെ റിപ്പോർട്ട് അനുസരിച്ച്, 2013 ജനുവരി മുതൽ 2021 സെപ്തംബർ വരെ ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന് നേരെ 3,679 ആക്രമണങ്ങൾ നടന്നിട്ടുണ്ട്.