പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക്; കേന്ദ്രത്തിന്റേത് സ്വേച്ഛാധിപത്യപരമായ നടപടി: സിപിഎം

single-img
16 July 2022

രാജ്യത്തിന്റെ പാർലമെന്റ് അംഗങ്ങളെ പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്നും വിലക്കുന്ന സ്വേച്ഛാധിപത്യപരമായ നടപടിയിൽ ശക്തമായി അപലപിക്കുന്നതായി സിപിഎം പിബി . രാജ്യത്തേയും ജനങ്ങളേയും സംബന്ധിക്കുന്ന എല്ലാ സുപ്രധാന കാര്യങ്ങളിലും തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനായി എംപിമാർ പ്രതിഷേധങ്ങൾ നടത്താറുണ്ട് എന്ന് സിപിഎം പിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

രാജ്യത്ത് പാർലമെന്റ് പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഇത് അവരുടെ ജനാധിപത്യ അവകാശമാണ്. സർക്കാരിനെതിരെ പലപ്പോഴും ഉപയോഗിക്കുന്ന ‘കഴിവില്ലായ്മ’ പോലുള്ള പദപ്രയോഗങ്ങൾ പോലും ഉൾക്കൊള്ളിച്ചുകൊണ്ട് അൺപാർലമെന്ററി വാക്കുകളുടെ പട്ടിക വിപുലീകരിക്കാൻ പുറപ്പെടുവിച്ച പുതിയ നിർദ്ദേശത്തോടൊപ്പം പ്രതിഷേധങ്ങൾ നിരോധിക്കുന്ന ഈ ഉത്തരവും പാർലമെന്റിനും അതിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിനും എംപിമാരുടെ അനിഷേധ്യമായ അവകാശങ്ങൾക്കും നേരെയുള്ള ഏറ്റവും നികൃഷ്ടമായ സ്വേച്ഛാധിപത്യ ആക്രമണമാണെന്നും പ്രസ്താവനയിൽ പറയുന്നു.

പാർലമെന്റിൽ മറ്റ് രാഷ്ട്രീയ പാർടികളുമായി കൂടിയാലോചിക്കാതെയുള്ള ഏകപക്ഷീയമായ ഈ തീരുമാനം പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധ നടപടികൾ ഉടൻ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതായി പ്രസ്താവനയിൽ സിപിഎം ആവശ്യപ്പെട്ടു.