MM മണിയുടെ വിവാദ പ്രസംഗവും തുടർന്നുണ്ടായ ബഹളവും; സ്വർണക്കത്ത് ചോദ്യത്തിൽ നിന്ന് സർക്കാർ തടി തപ്പി

single-img
16 July 2022

കെ കെ രമയെ അധിക്ഷേപിച്ചുള്ള എംഎം മണിയുടെ പ്രസംഗത്തിലൂടെ ഭരണപക്ഷത്തിന് ഒഴിവാക്കി കിട്ടിയത് സ്വർണക്കടത്ത് സംബന്ധിച്ച നിയമസഭാ ചോദ്യവും ഉത്തരവും.

ഈ ചോദ്യം ഒഴിവാക്കി കിട്ടാനാണോ വ്യാഴാഴ്ച രമയ്ക്കെതിരെ എംഎം മണി വിവാദ പരാമർശം നടത്തി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് എന്നാണ് ഇപ്പോൾ ചില പ്രതിപക്ഷ എം എൽ എമാർ സംശയിക്കുന്നത്.

സബ്മിഷനിലൂടെ സ്വർണ്ണ കള്ളക്കടത്ത് കേസിനെ കുറിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യം ചട്ടപ്രകാരം നിലനിൽക്കുന്നതല്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ഭരണപക്ഷം എതിർക്കുകയും സ്പീക്കർ ആ സബ്മിഷന് അവതരണാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നലെ നിയമസഭയിൽ അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, സി ആർ മഹേഷ്, റോജി എം ജോൺ എന്നിവരുടെ നക്ഷത്രം ചിഹ്നം ഇട്ട ചോദ്യം എത്തിയത്. സഭയിൽ നേരിട്ട് മന്ത്രിമാരോട് ചോദിക്കുകയും അവർ ഉത്തരം നൽകുകയും ചെയ്യുന്നതാണ് നക്ഷത്ര ചിഹ്നം ചോദ്യങ്ങൾ.

2016ൽ മുഖ്യമന്ത്രി യുഎഇ സന്ദർശനം നടത്തിയപ്പോൾ കേരളത്തിൽ നിന്നും നയതന്ത്ര ചാനൽ വഴി മുഖ്യമന്ത്രി അയച്ചതായി പറയുന്ന ബാഗേജ് മുഖ്യമന്ത്രിയോ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലുമോ കൈപ്പറ്റിയിരുന്നോ എന്ന് വ്യക്തമാക്കണം എന്നായിരുന്നു ചോദ്യം.

ഈ ചോദ്യം സ്പീക്കർ അംഗീകരിക്കുകയും പട്ടികയിൽ രണ്ടാമതായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ചോദ്യം നീക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംഎൽഎ സ്പീക്കർക്ക് പരാതിയും കൈമാറി.

ഇന്നലെ ഈ ചോദ്യവും ഉപ ചോദ്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മറുപടി പറയേണ്ടതായിരുന്നു. എന്നാൽ തലേദിവസത്തെ എംഎം മണിയുടെ പരാമർശത്തിനെതിരായ പ്രതിഷേധം ഇന്നലെ ചോദ്യോത്തരം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ഉയർത്തിയതോടെ സഭ തടസ്സപ്പെട്ടു ഇതോടെ മുഖ്യമന്ത്രി മറുപടി പറയുന്നതിൽ നിന്നും തടി തപ്പുകയും ചെയ്തു. അങ്ങനെ മുഖ്യമന്ത്രി മറുപടി നൽകിയാൽ ഉയരാവുന്ന പ്രതിഷേധങ്ങളും കമന്റുകളും ഒഴുവാക്കാനും സാധിച്ചു.