തൃശൂരിന്റെ നാലമ്പലപ്പെരുമ – തൃപ്രയാർ മുതൽ പായമ്മൽ വരെ

single-img
16 July 2022

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാലമ്പലങ്ങളാണ് തൃശ്ശൂർ, എറണാകുളം ജില്ലകളിൽ സ്ഥിതിചെയ്യുന്ന തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവ. ഓരോ ക്ഷേത്രങ്ങളുടെയും ഐതീഹ്യവും പൂജാ വിധികളും വഴിപാടുകളും ദർശന ക്രമവുമെല്ലാം വത്യസ്തമാണ്. നാലമ്പല ദർശനത്തിനായി തയ്യാറെടുക്കുമ്പോൾ ഇവയൊക്കെ അറിയുന്നത് ഏറെ പ്രയോജനപ്പെടും.

തൃപ്രയാർ ശ്രീരാമ ക്ഷേത്രം

ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മധ്യേ കനോലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന് 600 ൽ പരം വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം എന്നാണ് വിശ്വാസം. രണ്ടുകൈകളിൽ ശംഖചക്രങ്ങളും, പുറകിലെ വലതുകയ്യിൽ വില്ലും, മുന്നിലെ വലതുകയ്യിൽ അക്ഷമാലയും പിടിച്ചുനിൽക്കുന്ന ആറടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഇവിടെയുള്ളത്. ഇരുവശവും ശ്രീദേവിയെയും ഭൂമീദേവിയെയുംപ്രതിഷ്ഠിച്ചിട്ടുണ്ട്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ത്രിമൂർത്തീചൈതന്യമുള്ള ഭഗവാന് മീനൂട്ട്, വെടിവഴിപാട്, കളഭാഭിഷേകം, പാൽപ്പായസം, ഉദയാസ്തമനപൂജ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. സീതാന്വേഷണത്തിനു ശേഷം ഉള്ള ഹനുമാന്റെ വരവിന്റെ ആഘോഷത്തെ അനുസ്മരിക്കാനാണ് കതിന വെടി വഴിപാട്. ഈ വഴിപാട് തടസങ്ങള്‍ മാറ്റാന്‍ സഹായകമാവും എന്നാണ് വിശ്വാസം. ക്ഷേത്രത്തിനു മുന്‍പിലൂടൊഴുകുന്ന പുഴയിലെ മത്സ്യങ്ങളെ ഊട്ടാനുള്ള മീനുട്ട് വഴിപാട് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈ മത്സ്യങ്ങള്‍ തേവര്‍ക്കു പ്രിയപ്പെട്ടവരാണെന്നും അവരെ ഊട്ടുന്നതു വഴി തേവരെ പ്രീതിപ്പെടുത്താമെന്നുമാണ് വിശ്വാസം. ആസ്മ രോഗികള്‍ക്ക് ഈ വഴിപാട് ചെയ്യുന്നത് ഗുണകരമാണെന്ന് പറയപ്പെടുന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം)

ശംഖ്, ചക്രം, ഗദ, ജപമാല എന്നിവയുള്ള ചതുർബാഹു വിഷ്ണുവാണ് കൂടൽമാണിക്യത്തിലെ അധിപൻ. എന്നാൽ ശ്രീരാമന്റെ സഹോദരനായ ഭരതനാണ് ഭഗവാൻ എന്നാണ് പൊതുവെയുള്ള വിശ്വാസം. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത, ഒരൊറ്റ പ്രതിഷ്ഠ മാത്രമേയുള്ളൂ എന്നതാണ്. സാധാരണയായി എല്ലാ ക്ഷേത്രങ്ങളിലും കാണപ്പെടുന്ന വിഘ്നേശ്വരൻ പോലും ഇവിടെ പ്രതിഷ്ഠയായിട്ടില്ല.

ലോക പ്രസിദ്ധിയാർജ്ജിച്ചതാണ് കൂടൽമാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും. തുലാം മാസത്തിലെ തിരുവോണനാളിൽ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. വർഷത്തിൽ ആദ്യമായ് കൃഷി ചെയ്തു വിളയിച്ച വിഭവങ്ങൾ കൊണ്ട് ശ്രീ സംഗമേശ്വന് നിവേദ്യം അർപ്പിക്കുന്നതാണ് തൃപ്പുത്തരി. ചാലക്കുടി പോട്ടപ്രവൃത്തി കച്ചേരിയിൽ നിന്ന് ഈ നിവേദ്യ വസ്തുക്കൾ മുളതണ്ടികയിൽ കെട്ടി കാൽനടയായി കൊണ്ടുവരുന്നു. പിറ്റേന്ന് ഈ വസ്തുക്കൾ കൊണ്ട് ദേവന് നിവേദ്യം സമർപിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും. ഇതാണ് തൃപ്പുത്തരിസദ്യ. അടുത്ത ദിവസമാണ് മുക്കുടി വൈവിധ്യം പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ചമരുന്നുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും. ഇത് സേവിക്കുന്നവർക്ക് ഒരു വർഷത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് വിശ്വാസം.

ഭഗവാന് ഏറെ പ്രീതികരമായ വഴിപാടാണ് താമരമാല. മംഗള കാര്യങ്ങൾ വിഘ്‌നം കൂടാതെ ശുഭമാകാൻ താമരമാല അത്യുത്തമമാണ് എന്ന് വിശ്വാസം. പ്രകൃതി ക്ഷോഭത്തിൽ നിന്ന് രക്ഷ നേടാനും ഭക്തർ താമരമാല നേരുന്നു. കൂടൽമാണിക്യത്തിലെ മുഖ്യവഴിപാടുകളിലൊന്നാണ് വഴുതനങ്ങ നിവേദ്യം. ഉദര രോഗങ്ങൾക്കുള്ള ഒരു ദിവ്യ ഔഷധമായി ഇതിനെ കണക്കാക്കുന്നു. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് അംഗുലീയാങ്കം കൂത്ത് വഴിപാട്. ശ്രീരാമ ഭക്തനായ ഹനുമാന്റെ വേഷത്തിൽ ചാക്യാർ അനുഷ്ട്ടാന വ്രത ശുദ്ധിയോടെ പന്ത്രണ്ട് ദിവസങ്ങളായി ചെയുന്ന കൂത്താണ് അംഗുലീയാങ്കം കൂത്ത്. രാമായണം കഥയുടെ സുന്ദരകാണ്ഡമാണ് ഈ കൂത്ത് വഴിപാടായി അവതരിപ്പിക്കുന്നത്. രാമായണം കഥ മുഴുവനായും ഒരാവർത്തി അവതരിക്കുന്നതിലൂടെ ശ്രീ രാമ സോദരനായ ശ്രീ സംഗമേശ്വൻ ഭക്തരുടെ അഭിഷ്ട്ടങ്ങൾ നിറവേകുമെന്നത് വിശ്വാസമാണ്. മാത്രമല്ല രാമായണ മാസമായ കർക്കിടകത്തിലാണ് ഈ കൂത്ത് വഴിപാടായി നടത്തുന്നതെന്നതും കൂത്ത് വഴിപാടിന്‍റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു.

തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം

നാലമ്പലങ്ങളിൽ എറണാകുളം ജില്ലയിലുള്ള ഏക ക്ഷേത്രമാണിത്. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യക്ഷേത്രങ്ങളിലൊന്നായ ഈ മഹാക്ഷേത്രം ചാലക്കുടിപ്പുഴയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ആറടി ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൻറെ പുറകിലെ വലതുകയ്യിൽ ശംഖും, മുന്നിലെ വലതുകയ്യിൽ ഗദയും, പുറകിലെ ഇടതുകയ്യിൽ സുദർശനചക്രവും മുന്നിലെ ഇടതുകയ്യിൽ താമരയും ആണുള്ളത്. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ലക്ഷ്മണന്‍ വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാല്‍ സര്‍പ്പവിമുക്തമാണ് ഈ പരിസരം എന്നാണ് വിശ്വാസം. സര്‍പ്പ ബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാണ് എന്നാണ് ഐതിഹ്യം.

ലക്ഷ്മണനു പുറമെ ശിവൻ,ഗണപതി എന്നീ ശൈവ സാന്നിദ്ധ്യവും ശ്രീരാമൻ,സീത,ഹനുമാൻ എന്നീ വൈഷ്ണവ സാന്നിദ്ധ്യവും ഉണ്ട്. ശാസ്താവും ഭഗവതിയും ഗോശാലകൃഷ്ണനും പൂജിക്കപ്പെടുന്നു. തിരുമൂഴിക്കുളം ക്ഷേത്രത്തിൽ ഒരു പ്രത്യേകദർശന ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി, ദക്ഷിണാമൂർത്തി, മറ്റ് ദേവതകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴുതതിന് ശേഷം ഗോശാലകൃഷ്ണനെ വന്ദിച്ച് കിഴക്കേ നടയിൽ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക.

പാൽപ്പായസം, കദളിപ്പഴം എന്നിവയാണ് പ്രധാന വഴിപാടുകൾ. മേടമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കദളിപ്പഴം, പാൽപ്പായസം, മുഴുക്കാപ്പ്, നിറമാല, ചുറ്റുവിളക്ക്, തിരുവോണ പ്രസാദമൂട്ട് എന്നിവ ലക്ഷ്മണ സ്വാമിക്കും .
പട്ട്, മഞ്ഞൾപ്പൊടി, വെള്ളി എന്നിവ ഊർമ്മിളാദേവിക്കും ആണ് വഴിപാടായി കൊടുക്കുന്നത്.

പായമ്മൽ ശത്രുഘ്ന ക്ഷേത്രം

നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ ക്ഷേത്രമാണ് ഇരിഞ്ഞാലക്കുട പൂമംഗലത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന പായമ്മൽ. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ചതുരശ്രീകോവിലാണുള്ളത്. അഞ്ചടി ഉയരം വരുന്ന ചതുർബാഹു വിഗ്രഹത്തിൻറെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും മുന്നിലെ ഇടതുകയ്യിൽ താമരയും പുറകിലെ ഇടതുകയ്യിൽ ശംഖും മുന്നിലെ ഇടതുകയ്യിൽ ഗദയും ആണുള്ളത്. മനം നിറയെ രാമനെ ആരാധിക്കുന്ന ശത്രുഘ്നദേവന്‍ ഇവിടെ ശാന്ത ഭാവത്തിലാണ്. സുദര്‍ശന ചക്രത്തിന്റെ അവതാരമെന്നാണ് ഐതിഹ്യം. രാമന്റെ വനവാസത്തിന് കാരണം മന്ഥരയാണെന്നറിഞ്ഞ് അവരെ വധിക്കാന്‍ ഒരുങ്ങുന്ന ശത്രുഘ്നനെ ഭരതന്‍ സമാശ്വസിപ്പിക്കുന്ന ഭാവമാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിന്. പത്നി ശ്രുതകീര്‍ത്തിയോടൊപ്പമാണ് ശത്രുഘ്നന്‍ ആരാധിക്കപ്പെടുന്നത്.

ഗണപതിയും ഹനുമാനുമാണ് ഉപദേവതകൾ. സുദർശനപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. കുംഭമാസത്തിൽ പൂയം കൊടിയേറി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് പ്രധാന ആണ്ടുവിശേഷം.