സർക്കാർ പദ്ധതിക്ക് ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭൂമിപൂജ; പൂജാരിയെ തിരിച്ചയച്ച് ഡിഎംകെ എം പി

single-img
16 July 2022

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ ലോക്‌സഭാ എംപി എസ്.സെന്തിൽകുമാർ ഒരു ഹിന്ദു പുരോഹിതന്റെ സർക്കാരിന്റെ വക റോഡ് പദ്ധതിക്ക് വേണ്ടി ഭൂമി പൂജ നടത്തുന്നതിനെ എതിർക്കുകയും അത്തരത്തിലുള്ള ഏതെങ്കിലും പരിപാടിക്ക് പ്രാർത്ഥന നടത്താൻ എല്ലാ മതങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കണമെന്നും പറഞ്ഞു.

സംസ്ഥാനത്തെ ധർമ്മപുരി ലോക്‌സഭാ എംപി തന്റെ സ്വന്തം ജില്ലയിൽ സ്ഥലത്തെത്തിയ ഒരു ഉദ്യോഗസ്ഥനോട് ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാർത്ഥന ഉൾപ്പെടുന്ന ഒരു സർക്കാർ ചടങ്ങ് നടത്തരുതെന്ന് അറിയാമോ എന്ന് ചോദിച്ചു.

“ഇതെന്താണ്? മറ്റ് മതങ്ങൾ എവിടെ? ക്രിസ്ത്യാനിയും മുസ്ലീമും എവിടെ? പള്ളി പിതാവായ ഇമാമിനെ ക്ഷണിക്കൂ, ഒരു മതവും സ്വീകരിക്കാത്തവരെ ക്ഷണിക്കൂ, നിരീശ്വരവാദികൾ, ദ്രാവിഡർ കഴകംഎന്നിവരെയും “- കാവി വസ്ത്രം ധരിച്ച ഒരു ഹിന്ദു പുരോഹിതനെ ചൂണ്ടിക്കാണിച്ച് എംപി ഉദ്യോഗസ്ഥനോട് ചോദിച്ചു.

എംപിയുടെ ചോദ്യത്തിന്, ഉദ്യോഗസ്ഥൻ താനൊരു പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണെന്ന് പറയുകയും പാർലമെന്റംഗത്തോട് മാപ്പ് പറയുകയും ചെയ്തു. “ഇതാണ് ദ്രാവിഡ ഭരണ മാതൃക. സർക്കാർ എല്ലാ മതങ്ങളിൽ പെട്ടവർക്കും വേണ്ടിയുള്ളതാണ്,” എംപി ഉദ്യോഗസ്ഥനോട് പറഞ്ഞു.

പൂജ നടത്തുന്നതിന് താൻ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, അത്തരം സംഭവങ്ങൾ എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളണം. “എല്ലാവരെയും ക്ഷണിച്ചുകൊണ്ട് അത് ചെയ്യുക.” താനും ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ചെറിയ വീഡിയോ സെന്തിൽകുമാർ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചു.