കെ സുധാകരൻ കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്ന തറ ഗുണ്ട: എം എം മണി

single-img
15 July 2022

നിയമസഭയിൽ നടത്തിയപ്രസംഗത്തിൽ കെ കെ രമ എം എൽ എയ്ക്കെതിരായുണ്ടായ പരാമർശത്തിൽ തന്നെ രൂക്ഷമായി വിമർശിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടിയുമായി എം എം മണി രംഗത്തെത്തി . സുധാകരൻ തറ ഗുണ്ടയാണെന്നും നാലാം തരക്കാരനാണെന്നും കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനാണെന്നും തൊടുപുഴയിൽ മാധ്യമങ്ങളോട് എംഎം മണി പറഞ്ഞു.

താൻ കെ കെ രമയ്ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നതായും രമ നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെമെന്നും അദ്ദേഹം പറഞ്ഞു. മഹതി എന്നത് നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി കെകെ രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്‍റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നുംഅഭിപ്രായപ്പെട്ടു.

നേരത്തെ, കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നായിരുന്നു കോൺഗ്രസ് നേതാവ് കെ സുധാകരൻ മണിയെ വിശേഷിപ്പിച്ചത്. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.