എം.എം. മണി മാപ്പ് പറയണം: വി ഡി സതീശൻ

single-img
15 July 2022

കെ.കെ. രമയ്‌ക്കെതിരായ എം.എം. മണിയുടെ ‘വിധവ’ പരാമര്‍ശത്തിൽ പശ്ചാത്തലത്തില്‍ എം.എം. മണി മാപ്പ് പറയണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം എം മണി ഇതിനു തയ്യാറാകാത്തതിനെ തുടർന്ന് ചോദ്യോത്തര വേളയിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം മുന്നോട്ടു വന്നു. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറഞ്ഞു.

സഹകരിക്കണം എന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാൻ മന്ത്രി എംവി ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി.

വിധിയല്ല, അത് പാര്‍ട്ടി കോടതി വിധിച്ചതാണ്’, ‘ടിപിയെ കൊന്നുതള്ളിയിട്ടും സിപിഎമ്മിന് പക അടങ്ങുന്നില്ല’, ‘കൊല്ലാം തോല്‍പ്പിക്കാനാകില്ല’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഒരു കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ബഹളം വെക്കുന്നത് നിയമ മന്ത്രി പി രാജീവ് വിമർശിച്ചു. . ടിപി വധത്തിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.

എന്നാൽ ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അത് വിധിച്ച ജഡ്ജ് ആരാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ടിപി ചന്ദ്രശേഖരന്റെ വിധവയെ സഭയില്‍ അവഹേളിച്ച എംഎം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് അദ്ദേഹം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.