വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം കേരളത്തിൽ ബിജെപി നിലംതൊടില്ല : കെ മുരളീധരൻ

single-img
13 July 2022

കേരളത്തിലേക്ക് ഏത് കേന്ദ്രമന്ത്രി വന്ന് എന്തൊക്കെ പ്രഭാഷണം നടത്തിയാലും ബി ജെ പിക്ക് കേരളത്തില്‍ നിലംതൊടാനാവില്ല എന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ . പിന്നെ എന്തിനാണ് ഇതിനൊക്കെ ഇത്രവലിയ ഗൗരവം കൊടുക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

” ദാ കേന്ദ്രമന്ത്രി വരുന്നു. ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്നാണ്. അങ്ങനെയുള്ള ഭയപ്പാടിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല. അതിന് കാരണം രണ്ട് നേതാക്കന്മാരായ കെ സുരേന്ദ്രനും വി മുരളീധരനും ഉള്ളിടത്തോളം കാലം യു ഡി എഫിനും എല്‍ ഡി എഫിനും പേടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പാര്‍ട്ടി കേരളത്തില്‍ ഗതിപിടിക്കില്ല. ഞങ്ങള്‍ക്കുള്ള ഒരു സന്തോഷം എന്താണെന്ന് പറഞ്ഞാല്‍, കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ട് ബാങ്കുകള്‍ തിരിച്ച് വരാന്‍ തുടങ്ങി. ഇക്കാര്യത്തിൽ സിപിഎമ്മിനും സന്തോഷിക്കാമല്ലോ. ഈ രണ്ട് നേതാക്കന്മാരും അത്യാവശ്യം വേണമെങ്കില്‍ വോട്ട് മറിച്ചു കൊടുക്കുകയും ചെയ്യുമല്ലോ. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ചെയ്ത പോലെയെന്നും മുരളീധരൻ പരിഹസിച്ചു.

യു ഡി എഫ് ബി ജെ പി എന്ന് പറയും. പക്ഷെ ഈ രണ്ട് വിദ്വാന്മാരാണ് വോട്ട് മറിക്കുന്നത് എന്നത് നാട്ടില്‍ പാട്ടാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് പേര്‍ ഉള്ളിടത്തോളം കാലം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി നിലം തൊടില്ല എന്ന കാര്യത്തില്‍ സംശയമില്ല.

പിന്നെ കേന്ദ്രമന്ത്രി എസ്ജ യശങ്കര്‍ അദ്ദേഹത്തിന് രാഷ്ട്രീയം എന്താണ് എന്നുകൂടി അറിയില്ലെന്നും വിദേശ കാര്യ സെക്രട്ടറിയായി നിന്നിട്ട് മന്ത്രിയായ വ്യക്തിയാണ്. ഇങ്ങനത്തെ നാടകങ്ങളൊക്കെ ഇനിയും ഉണ്ടാകും. അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.