ട്വിറ്ററും ടെസ്‍ല സ്ഥാപകന്‍ ഇലോണ്‍ മസ്കും തമ്മിലുള്ള ഇടപാട് ഒടുവില്‍ കോടതി കയറുന്നു

single-img
13 July 2022

വാഷിങ്ടണ്‍: ട്വിറ്ററും ടെസ്‍ല സ്ഥാപകന്‍ ഇലോണ്‍ മസ്കും തമ്മിലുള്ള ഇടപാട് ഒടുവില്‍ കോടതി കയറുന്നു. കരാറില്‍ നിന്ന് പിന്മാറാനുള്ള മസ്കിന്റെ നീക്കത്തിനെതിരെ ട്വിറ്റര്‍ കേസ് നല്‍കി.

44 ബില്യണ്‍ ഡോളറിന്റെ ഇടപാടില്‍ നിന്നും മസ്ക് പിന്മാറാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ട്വിറ്ററിന്റെ നടപടി. ഏപ്രില്‍ 25നാണ് ഇരു കമ്ബനികളും കരാറിലേര്‍പ്പെട്ടത്.

യു.എസ് സ്റ്റേറ്റായ ഡെല്‍വാരയില കോടതിയിലാണ് ട്വിറ്റര്‍ കേസ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ കരാര്‍ ലംഘനങ്ങളില്‍ നിന്ന് മസ്കിനെ തടയാനും നിയമപരമായ ബാധ്യതകള്‍ നിറവേറ്റാന്‍ നിര്‍ബന്ധിക്കുന്നതിനും വേണ്ടിയാണ് കേസ് നല്‍കിയതെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്ബനി തയാറായിട്ടില്ല.

ട്വിറ്ററിന്റെ കേസ് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്ക് രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. എന്തൊരു വിരോധാഭാസമെന്നായിരുന്നു കേസിന് കുറിച്ച്‌ പരാമര്‍ശിക്കാതെ മസ്കിന്റെ ട്വീറ്റ്. വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ച വിവരം നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടാല്‍ കമ്ബനി എറ്റെടുക്കുന്നതിനുള്ള കരാറില്‍ നിന്ന് പിന്മാറുമെന്ന് മസ്ക് ഭീഷണി മുഴക്കിയിരുന്നു