ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍ രൂപയിലേക്ക് മാറ്റാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

single-img
13 July 2022

ദില്ലി : ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍ രൂപയിലേക്ക് (Rupee) മാറ്റാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI).

ഇനി മുതല്‍ അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് രൂപ ഉപയോഗിക്കാം എന്നാണ് ആര്‍ബിഐയുടെ പുതിയ നിലപാട്. ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പുതിയ സംവിധാനം അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിന് ബാങ്കുകള്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. പുതിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വ്യാപാരം വര്‍ധിപ്പിക്കും. ഇന്‍വോയ്സിംഗ്, പേയ്മെന്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്കായി ഇനി മുതല്‍ രൂപ ഉപയോഗിക്കാം. കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഏതു രാജ്യവുമായാണോ ഇടപടി നടത്തുന്നത് അതിന്റെ കറസ്‌പോണ്ടന്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് വഴി പേയ്‌മെന്റുകള്‍ക്ക് രൂപ ഉപയോഗിക്കാം. കറന്‍സികള്‍ തമ്മിലുള്ള വിനിമയ നിരക്ക് വിപണിയില്‍ നിലനില്‍ക്കുന്നതായിരിക്കും.

ഇതിനുപുറമെ, 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം പ്രോജക്‌റ്റുകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമുള്ള പേയ്‌മെന്റുകള്‍ക്കും ഇറക്കുമതി അല്ലെങ്കില്‍ കയറ്റുമതി, ഗവണ്‍മെന്റ് ട്രഷറി ബില്ലുകളിലെ നിക്ഷേപം എന്നിവയ്‌ക്കും സ്‌പെഷ്യല്‍ വോസ്‌ട്രോ അക്കൗണ്ടുകള്‍ ഉപയോഗിക്കാമെന്ന് ആര്‍ബിഐ അറിയിച്ചു.