നിലവാരത്തോടെ പ്രതികരിക്കണം; വി ഡി സതീശനെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി പി രാജീവ്

single-img
13 July 2022

ഹിന്ദു ഐക്യവേദിയുമായി തനിക്കുള്ള ബന്ധവും ആ സംഘടനയുടെ നേതാവ് തന്റെ വീട്ടിലേയും ഓഫീസിലേയും സ്ഥിരം സന്ദര്‍ശകനാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി പി രാജീവ്.

വിഡി സതീശന്റെ ഇന്നത്തെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞതായും പ്രശ്‌നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, താൻ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എവിടെയും ഹിന്ദുഐക്യവേദി എന്ന പദം പോലും പരാമര്‍ശിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് നിലവാരത്തോടെ പ്രതികരിക്കണം. തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് മത്സരം വ്യക്തികളുടേതായിരുന്നില്ല, അവിടെ രാഷ്ട്രീയമായിരുന്നു. പക്ഷെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മത്സരമായാണ് അതിനെ കണ്ടതെന്ന് തോന്നുന്നു. അങ്ങിനെയാണോ കോണ്‍ഗ്രസിന്റെ ഒരു നേതാവ് പ്രതികരിക്കേണ്ടതെന്നും പി രാജീവ് ചോദിച്ചു.

1977 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ വോട്ട് വാങ്ങി ജയിക്കാന്‍ അന്ന് ബിജെപിയുണ്ടോ?. ജനതാ പാര്‍ട്ടികളായിരുന്നു അന്ന്. കേരളാ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം വായ്പയായോ വകമാറ്റിയോ എടുക്കുന്നില്ലെന്ന് നേരത്തെ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.