വി.ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ല: പി.ജയരാജന്‍

single-img
13 July 2022

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവ് പി.ജയരാജന്‍. വി ഡി സതീശൻ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ലെന്നും, കോണ്‍ഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തില്‍ വര്‍ഗീയ സംഘടനകളോടുള്ള കോണ്‍ഗ്രസിന്റെ മൃദു സമീപനം കെ.സുധാകരന്‍ ചുമതലയേറ്റതോടെ വർദ്ദിച്ചിട്ടേ ഉള്ളൂ എന്നും പി. ജയരാജന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വീണ്ടും ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു രംഗത്തെത്തി. 2001ലും 2006ലും സതീശന്‍ ആര്‍.എസ്.എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നു. പറവൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് സതീശന്‍ കളളം പറയുന്നു. സതീശന്‍ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നു. തന്റെ മോശം പശ്ചാത്തലം എന്താണെന്ന് സതീശന്‍ പറയണം. 2006ല്‍ ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലക് ഗുരുജി ഗോള്‍വാള്‍ക്കറിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പറവൂര്‍ മനയ്ക്കപ്പടി സ്‌കൂളില്‍വെച്ച് നടത്തിയ സംവാദത്തില്‍ സതീശന്‍ പങ്കെടുത്തതിന്റെ ഫോട്ടോയാണ് നമ്മള്‍ കണ്ടത്. 2013ല്‍ പങ്കെടുത്തത് എനിക്കറിയാം 2006ല്‍ പങ്കെടുത്തത് എനിക്ക് ഓര്‍മ്മയില്ലെന്നാണ് സതീശന്‍ പറയുന്നത്,” ആര്‍.വി ബാബു പറഞ്ഞു.

കൂടാതെ എം.എസ് ഗോള്‍വാള്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ വി.ഡി സതീശന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി നോട്ടീസ് അയച്ചു. ആര്‍.എസ്.എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു വിഷയത്തില്‍ വി.ഡി സതീശന്റെ പ്രതികരണം.