വയനാട്ടില്‍ മഴയെ തുടര്‍ന്ന് കനത്ത നാശം

single-img
13 July 2022

കല്‍പ്പറ്റ: വയനാട്ടില്‍ മഴയെ തുടര്‍ന്ന് കനത്ത നാശം. ശക്തമായ മഴയിലും കാറ്റിലും 102.3 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.

ചൊവ്വാഴ്ച്ച വരെയുള്ള കണക്കാണിത്. 14.06 കോടിയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍ കാലവര്‍ഷ കെടുതിയെ തുടര്‍ന്നുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ കനത്ത നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്തവണ കനത്ത മഴയാണ് വയനാട് ജില്ലയില്‍ ലഭിച്ചത്. വാഴ കര്‍ഷകരാണ് ഏറ്റവും നാശനഷ്ടം നേരിട്ടത്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. കുലച്ച വാഴകളും വന്‍ തോതില്‍ നശിച്ചു. വാഴ കര്‍ഷകര്‍ക്ക് മാത്രമുണ്ടായ നഷ്ടം 14.01 കോടി രൂപയാണ്. അത്രയേറെ ഭീമമായ നഷ്ടമാണിത്.

തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും കനത്ത നാശം നേരിട്ടിട്ടുണ്ട്. കൃഷി നാശം നേരിട്ടവര്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി എയിംസ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിള ഇന്‍ഷുറന്‍സ് ചെയ്ത കര്‍ഷകര്‍ ഇന്‍ഷുറന്‍സിനും പ്രകൃതിക്ഷോഭം മുലമുള്ള നഷ്ടപരിഹാരത്തിനും ഇതേ പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. കാലംതെറ്റിയുള്ള കാലാവസ്ഥയെ തുടര്‍ന്ന് കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു.

അതേസമയം അതിശക്തമായ മഴയില്‍ 53 വീടുകളാണ് ജില്ലയില്‍ ഭാഗികമായി തകര്‍ന്നത്. രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ ദിവസം എട്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. സര്‍ക്കാരിന്റെ നഷ്ടപരിഹാരം ലഭിച്ചാല്‍ പോലും കടബാധ്യത തീര്‍ക്കാനാവില്ലെന്നാണ് കര്‍ഷകരുടെ പരാതി. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. മുപ്പത് വീടുകളാണ് ഇവിടെ ഭാഗികമായി തകര്‍ന്നത്. മാനന്തവാടിയില്‍ പതിനാറ് വീടുകള്‍ തകര്‍ന്നു. ബത്തേരിയില്‍ ഏഴ് വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. നിലവില്‍ ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് 372 പേരെ മാറ്റിയിട്ടുണ്ട്.