നടിയെ ആക്രമിച്ച കേസ്: കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിൽ നിന്നും ദൃശ്യം ചോർന്നു

single-img
13 July 2022
Kerala Highcourt

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ ചോർന്നു. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ.

ഫോറൻസിക് റിപ്പോ‍ർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം.

നേരത്തെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് നി‍ർദേശിച്ചത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം. സംസ്ഥാന ഫൊറൻസിക് ലാബിലെ പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. സീൽ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.