വ്യാജ ഐപിഎലുമായി’ ഗുജറാതില്‍ വേറിട്ടൊരു തട്ടിപ്പ്

single-img
12 July 2022

അഹ്മദാബാദ്: () അന്താരാഷ്ട്ര തലത്തിലും ഐപിഎല്‍ പോലുള്ള ക്രികറ്റ് മത്സരങ്ങളിലും വാതുവെപ്പിന്റെ നിരവധി സംഭവങ്ങള്‍ നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കണം

എന്നാല്‍, ഇപ്പോഴിതാ ‘വ്യാജ ഐപിഎലുമായി’ ഗുജറാതില്‍ വേറിട്ടൊരു തട്ടിപ്പ് പുറത്തായിരിക്കുകയാണ്. മെഹ്സാന ജില്ലയിലെ വഡ്നഗറില്‍ നടന്ന ഈ വ്യാജ ഐപിഎലില്‍ റഷ്യക്കാരും വാതുവെപ്പ് കെണിയില്‍ കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

റഷ്യയിലെ വാതുവെപ്പുകാരെ കബളിപ്പിക്കുന്നതിനായി ഒരു സംഘം വ്യാജ ‘ക്രികറ്റ് ടൂര്‍ണമെന്റ്’ രൂപത്തില്‍ വിപുലമായ ഷോ നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശുഐബ് ദാവ്ദ, മുഹമ്മദ് സാഖിബ് സൈഫി, മുഹമ്മദ് അബൂബകര്‍ കോലു, സാദിഖ് ദവ്ദ എന്നീ നാല് പേരെയാണ് മെഹ്സാന പൊലീസ് അറസ്റ്റ് ചെയ്തത്.

‘വ്യാജ ക്രികറ്റ് ലീഗ് സംഘടിപ്പിക്കാന്‍ ഫാം വാടകയ്ക്കെടുക്കുകയും പ്രാദേശിക കളിക്കാര്‍ക്ക് കളിക്കാന്‍ 400 രൂപ നല്‍കുകയും ചെയ്തു. ഇവരെ ജഴ്സി ധരിച്ച്‌ കളത്തിലിറക്കി, വ്യാജ അംപയര്‍മാരെയും നിര്‍ത്തി. പിന്നില്‍ നിന്ന് ഓഡിയോ ഇഫക്റ്റുകളും പ്ലേ ചെയ്തു. വ്യാജ ആള്‍ക്കൂട്ടത്തിന്റെ ശബ്ദം മുഴക്കുന്ന സ്പീകര്‍ സംവിധാനങ്ങളുണ്ടായിരുന്നു, ബ്രോഡ്കാസ്റ്റര്‍ ഹര്‍ഷ ഭോഗ്ലെയെ അനുകരിക്കാന്‍ ഒരു കമന്റേറ്ററെ നിയമിച്ചു.

മൊത്തത്തില്‍ സത്യത്തിന്റെ ഐപിഎല്‍ നടക്കുകയാണെന്ന് ജനങ്ങളില്‍ തോന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. മത്സരം ചിത്രീകരിക്കാന്‍ എച് ഡി ക്യാമറകള്‍ സ്ഥാപിച്ച്‌ മത്സരങ്ങള്‍ യുട്യൂബില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ഇതിനായി CRICHEROES എന്ന ആപില്‍ സെഞ്ച്വറി ഹീറ്റര്‍ എന്ന പേരില്‍ ഒരു ടീം രജിസ്റ്റര്‍ ചെയ്തു.

ശുഐബ് ദാവ്ദയാണ് വാതുവെപ്പിനായി മൈതാനം ഒരുക്കിയത്. മത്സരം കളിക്കുന്ന എല്ലാ ‘കളിക്കാര്‍ക്കും’ എങ്ങനെ കളിക്കണം, എപ്പോള്‍ പുറത്താകണം, എപ്പോള്‍ സ്‌കോര്‍ ചെയ്യണം എന്നൊക്കെ മുന്‍കൂട്ടി നിര്‍ദേശിച്ചിരുന്നു. ഗുജറാതില്‍ നടക്കുന്ന ഈ വ്യാജ ഐപിഎലിന്റെ ചരടുകള്‍ റഷ്യയുമായി ബന്ധപ്പെട്ടതാണ്, റഷ്യയിലെ മൂന്ന് നഗരങ്ങളായ ത്വെര്‍, വൊറോനെഷ്, മോസ്‌കോ എന്നിവിടങ്ങളിലെ ആളുകളെയാണ് തട്ടിപ്പുകാര്‍ തങ്ങളുടെ വലയില്‍ കുടുക്കിയത്.

മെഹ്സാന പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ റാകറ്റിനെയും പിടികൂടുകയും മൂന്ന് ലക്ഷം രൂപയുമായി നാല് പേരെ സംഭവസ്ഥലത്ത് നിന്ന് ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വാതുവെപ്പില്‍ ഏതെങ്കിലും രാജ്യാന്തര റാകറ്റിന്റെ പേരുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല’, പൊലീസ് വ്യക്തമാക്കി.