കോടതി അലക്ഷ്യ കേസില്‍ വിജയ മല്യക്ക് നാല് മാസത്തെ തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയും

single-img
11 July 2022

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ മല്യക്ക് സുപ്രീം കോടതി നാല് മാസത്തെ തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയും വിധിച്ചു.

പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു.

തുക നല്‍കിയില്ലെങ്കില്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ബാങ്കുകള്‍ക്ക് കടക്കാമെന്നും ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം.

വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് കോടതിയലക്ഷ്യ കേസ്. മല്യ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി 2017-ല്‍ സുപ്രീംകോടതി വിധിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. വായ്പകള്‍ തിരിച്ചടക്കാതെ രാജ്യംവിട്ട മല്യ ഇതിന് തയ്യാറായില്ല. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നിയമനടപടി ലണ്ടനില്‍ പുരോഗമിക്കുന്നതിനിടൈയാണ് സുപ്രീംകോടതി വിധി.