ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവിഷ്‌ക്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവുമടക്കം പൂര്‍ണമായും ഉടമസ്ഥത ദേവസ്വം ബോര്‍ഡിന് കൈമാറും

single-img
11 July 2022

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പോലീസ് ആവിഷ്‌ക്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവുമടക്കം പൂര്‍ണമായും ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വംബോര്‍ഡിന് കൈമാറുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
പോലീസ് നടപ്പാക്കി വന്നിരുന്ന ശബരിമലയിലെ വെര്‍ച്വല്‍ ക്യു സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഹൈക്കോടതി വിധി വന്നിരുന്നു.
വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് 2021ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ച് 2022 മേയ് മാസത്തിലാണ് കോടതി ദേവസ്വം ബോര്‍ഡന് അനുകൂലമായി വിധി പറഞ്ഞത്.
ഈ വിധിയെ തുടര്‍ന്നാണ് സാങ്കേതിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. എന്നിരുന്നാലും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീര്‍ത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പോലീസ് സഹായം തുടരും. വെര്‍ച്വല്‍ ക്യൂവിന്റെ സുഗമമായ നടത്തിപ്പിന് ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐടി വിഭാഗം ശക്തിപ്പെടുത്തും. ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം പോലീസ് നല്‍കും. ആവശ്യമെങ്കില്‍ താല്‍ക്കാലിക സാങ്കേതിക സഹായവും നല്‍കും.
പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളില്‍ 11 കേന്ദ്രങ്ങളില്‍ പോലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പോലീസ് സഹായം ഉണ്ടാവും.