നാഷണല്‍ ഹെറാള്‍ഡ് കേസ്; ഹാജരാകാൻ സോണിയക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

single-img
11 July 2022

നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 21 ന് ഹാജരാകണം എന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ചപിന്നാലെയുള്ള സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ നീട്ടിയിരുന്നു.

ഇതേ കേസില്‍ രാഹുല്‍ ഗാന്ധിയെ മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു. തുടർച്ചയായ അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇഡി രാഹുലിൽ നിന്നും ചോദിച്ചറിഞ്ഞത്.