ടി20: നാലോവര്‍ സ്‌പെല്ലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ നാണക്കേട് ഈ ബൗളർക്കാണ്

single-img
10 July 2022

കഴിഞ്ഞ ആഴ്ചയിലായിരുന്നു ടെസ്റ്റില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ 35 റണ്‍സ്നേടി ഇന്ത്യയുടെ ജസ്പ്രീത് ബുംറ ലോക റെക്കോര്‍ഡ് കുറിച്ചത്. ടെസ്റ്റ് മത്സരത്തിൽ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും അതെ മാച്ചിൽ ബ്രോഡിനെ തേടിയെത്തിയിരുന്നു.

ഇംഗ്ലീഷ് ക്രിക്കറ്റിൽ നിന്നും തന്നെ മറ്റൊരു ബൗളര്‍ കൂടി ഇതുപോലൊരു നാണക്കേടിന്റെ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇപ്പോൾ . ഒരു ടി20 മത്സരത്തിൽ നാലോവര്‍ സ്‌പെല്ലില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേടാണ് മാറ്റി മക്കിയെര്‍നന്‍ എന്ന ലെഗ് സ്പിന്‍ ബൗളറെ തേടി എത്തിയത് .

ഇത്തവണത്തെ ടി20 ബ്ലാസ്റ്റ് ചാംപ്യന്‍ഷിപ്പിലായിരുന്നു ഇദ്ദേഹം ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. ടൂർണമെന്റിൽ സോമര്‍സെറ്റും ഡെര്‍ബിഷെയറും തമ്മിലുള്ള കളിയിലാണ് മാറ്റി മക്കിയര്‍നനെ തേടി വമ്പന്‍ നാണക്കേട് എത്തിയത്. ഡെര്‍ബിഷെയറിനായികളിച്ച മാറ്റി നാലോവറില്‍ വിട്ടുകൊടുത്തത് 82 റണ്‍സാണ്. മാത്രമല്ല, ഒരു വിക്കറ്റ് പോലും നേടിയതുമില്ല.

മുൻപ് പാകിസ്താനില്‍ നിന്നുള്ള സര്‍മാദ് അന്‍വറെന്ന ബൗളറുടെ പേരിലായിരുന്നു ടി20യിലെ ലോക റെക്കോര്‍ഡ്. 2011ല്‍ നടന്ന മത്സരത്തിൽ ലാഹോര്‍ ലയണ്‍സിനെതിരേ കളിക്കവെ സിയാക്കോട്ട് സ്റ്റാലിയന്‍സിന്റെ താരമായ അന്‍വര്‍ നാലോവറില്‍ 81 റണ്‍സ് വിട്ടുകൊടുത്തിരുന്നു.ഇതാണ് ഇപ്പോൾ പഴങ്കഥയായിരിക്കുന്നത്.