അറസ്റ്റ് ഒഴിവാക്കുന്നതിനായി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

single-img
10 July 2022

മുംബൈ: അറസ്റ്റ് ഒഴിവാക്കുന്നതിനായി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. മുംബൈ കൊളാബയിലെ കെട്ടിടത്തില്‍ നിന്നാണ് കള്ളനെന്ന് സംശയിക്കുന്ന യുവാവ് വന്ദേ മാതരം എന്നലറിക്കൊണ്ട് ചാടിയത്.

അടിയന്തിരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

കെട്ടിടത്തിന്റെ രണ്ടാം ഗേറ്റ് ചാടി യുവാവ് അകത്ത് പ്രവേശിച്ചത് കണ്ട വാച്ച്‌മാന്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് താമസക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസിനെ കണ്ട യുവാവ് ഡ്രെയിനേജ് പൈപ്പിലൂടെ കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ഇയാള്‍ താഴേക്ക് വരാന്‍ തയ്യാറായില്ല.അഗ്നിശമനസേനയുടെ സുരക്ഷാവലയിലേക്ക് ചാടാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. താമസക്കാര്‍ കെട്ടിടത്തിനകത്തേക്ക് വരാന്‍ നിര്‍ബന്ധിച്ചപ്പോഴും തയ്യാറായില്ല.

മൂന്ന് മണിക്കൂറോളം അനുനയ ശ്രമം തുടര്‍ന്നെങ്കിലും പ്രയോജനമൊന്നും കാണാതെ പോലീസ് ഉദ്യോഗസ്ഥന്‍ സുരക്ഷ ബെല്‍റ്റുമായി സമീപിച്ചപ്പോഴാണ് യുവാവ് താഴേക്ക് ചാടിയത്. തൊട്ടടുത്തുള്ള വിശ്വമഹല്‍ കെട്ടിടത്തിന്റെ കോമ്ബൗണ്ടിലേക്ക് ചാടിയ യുവാവിന് ഗുരുതുമായി പരിക്കേല്‍ക്കുകയും ചെയ്തു.രോഹിത് എന്നാണ് യുവാവിന്റെ പേരെന്ന് തിരിച്ചറിഞ്ഞെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുംബൈ പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 511,304 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.