മഹാരാഷ്ട്രയിൽ ബക്രീദ് ദിനത്തില്‍ പശുക്കളെ അറക്കാന്‍ പാടില്ല; നിര്ദേശവുമായി സ്പീക്കർ

single-img
10 July 2022

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം മാറിയതിന് പിന്നാലെ കടുത്ത നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ബക്രീദ് ദിനത്തില്‍ പശുക്കളെ അറക്കാന്‍ പാടില്ലെന്നാണ് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നിര്‍ദേശം.

ഇക്കാര്യത്തില്‍ മഹാരാഷ്ട്ര ഡിജിപി രജനീഷ് സേട്ടിന് കര്‍ശന നിര്‍ദേശവും സ്പീക്കര്‍ നല്‍കിയിട്ടുണ്ട്. ബക്രീദ് ദിനത്തില്‍ ഇക്കാര്യം ഉറപ്പിക്കാനാണ് നിര്‍ദേശം.

ബിജെപി ഗോവധനിരോധനം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. ഡിജിപിക്ക് സ്പീക്കര്‍ കത്തയച്ചിട്ടാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ജൂലായ് പത്തിനാണ് ബക്രീദ്. പോലീസിനോട് നിയമലംഘനം അനുവദിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബക്രീദ് ദിനത്തില്‍ പശുക്കളെ അറക്കുന്നത് പരമ്ബരാഗതമായി നടക്കുന്ന ചടങ്ങാണ്.

നേരത്തെ വിശ്വഹിന്ദു പരിഷത്ത് സ്പീക്കര്‍ക്ക് ഈ വിഷയത്തില്‍ കത്തയച്ചിരുന്നു. ഗോവധം അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്താകെ പശുക്കളുടെ അറവ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സ്പീക്കര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്ബ് മാംസം നിറഞ്ഞ മൂന്ന് ട്രക്കുകള്‍ മുംബൈയിലെ ഡോണര്‍ അറവുശാലയിലേക്ക് കൊണ്ടുവന്നിരുന്നു.ഇത് പോലീസ് പിടിച്ചെടുത്തിരുന്നു.

ഡ്രൈവറെ അടക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കര്‍ണാടകയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ ബക്രീദ് മൃഗബലി നടത്തരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു.