പാചകവാതക വിലവര്‍ധനവിനെതിരെ തെലങ്കാനയില്‍ സ്ത്രീകളുടെ പ്രതിഷേധം

single-img
9 July 2022

ഹൈദരാബാദ് : പാചകവാതക വിലവര്‍ധനവിനെതിരെ തെലങ്കാനയില്‍ സ്ത്രീകളുടെ പ്രതിഷേധം. ഗ്യാസ് സിലിണ്ടര്‍ വീടിന് പുറത്തിറക്കിവച്ച്‌ തവി കൊണ്ട് സിലിണ്ടറില്‍ അടിച്ചായിരുന്നു പ്രതിഷേധം

ഗ്യാസ് സിലിണ്ടര്‍ തലയില്‍ ചുമന്ന് ഹൈദരാബാദില്‍ വീട്ടമ്മമാര്‍ പ്രതിഷേധിച്ചു. ടിആര്‍എസ് തുടങ്ങിവച്ച പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായിരിക്കുന്നത്. വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് തെലങ്കാനയില്‍ ഇപ്പോഴത്തെ പ്രതിഷേധം.

ജിവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടമ്മമാര്‍ പരാതിപ്പെട്ടു. ഇനിയും വില കൂടിയാല്‍ ഗ്യാസ് ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ വരും ദിവസങ്ങളില്‍ നടത്തുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. 50 രൂപ കൂടി കൂട്ടിയതോടെ ഗാര്‍ഹിക സിലിണ്ടറിന് 1060 രൂപയും വാണിജ്യ സിലിണ്ടറിന് 2027 രൂപയുമാണ്. രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് വില ഉയര്‍ന്നത്