സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍; ശ്രീലങ്കൻ ജനതയ്ക്ക് പിന്തുണയുമായി സനത് ജയസൂര്യ

single-img
9 July 2022

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ സര്‍ക്കാരിനെതിറായി ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജനങ്ങളോടൊപ്പം തെരുവിലറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്.

സ്ഥാനം ഒഴിയാതെ തുടരുന്ന ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യടക്കിയപ്പോള്‍ ജയസൂര്യയും തെരുവിലുണ്ടായിരുന്നു. താനും രാജ്യത്തെ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

അതിനു ശേഷം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അദ്ദേഹം രണ്ട് ട്വീറ്റുകള്‍ എഴുതി. ”ഞാൻ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കും.”

”സമരം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോള്‍ രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.” ഇങ്ങിനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.