സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

single-img
9 July 2022

സംസ്ഥാനത്തു പനി വയറിളക്ക രോഗങ്ങൾ പിടിക്കുന്നതിനിടെ മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. ജീവിതശൈലി രോഗങ്ങൾക്ക് സ്ഥിരമായി കഴിക്കേണ്ട അവശ്യമരുന്നുകൾ അടക്കം ലഭ്യമല്ല എന്നാണ് റിപ്പോർട്ട്. വിലകൂടിയ ജീവൻ രക്ഷാ മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആവി പിടിപ്പിക്കേണ്ട മരുന്നുകൾ പോലും രോഗികൾ പുറത്തു നിന്നും വാങ്ങി കൊടുക്കേണ്ട അവസ്ഥയിലാണ്. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാകുന്ന കാരുണ്യ ഫാർമസികളിലും ക്ഷാമം തന്നെയാണ്. സർക്കാർ മരുന്ന് എത്തിക്കുന്നില്ലെന്നാണ് അവരുടെ പരാതി.

സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്ക് മരുന്ന് നൽകുന്നത് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ആണ്. വർഷാവർഷം ഇതിനുള്ള ടെണ്ടർ നടപടികൾ സാധാരണ മാർച്ചിൽ തന്നെ പൂർത്തിയാകാറുണ്ട്. എന്നാൽ ഇത്തവണ ഇത് അനിശ്ചിതമായി നീളുകയായിരുന്നു. മരുന്നുകൾ ലഭ്യമാകാൻ ഇനിയും ഒരു മാസമെങ്കിലും എടുക്കുമെന്നാണ് വിവരം. അതിനിടെ ടെൻഡറിൽ വലിയ മരുന്ന് കമ്പനികളെ മാത്രം ഉൾപ്പെടുത്തി ക്രമക്കേട് നടത്താനുള്ള നീക്കം നടക്കുന്നതായും പരാതിയുണ്ട്.

എന്നാൽ സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ല എന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഒരു മരുന്നും സ്റ്റോക്ക് ഇല്ലാതില്ല എന്നും, മരുന്ന് വിതരണത്തിന് കലണ്ടർ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ചു നിർദ്ദേശം മെഡിക്കൽ സർവീസ് കോർപ്പറേഷൻ നൽകിയതായി അവർ അറിയിച്ചു.