മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്ബുകളിലേക്ക് മാറ്റി

single-img
9 July 2022

ദില്ലി; മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്ബുകളിലേക്ക് മാറ്റിയതായി അധികൃതര്‍.

പ്രളയത്തില്‍ ഇതുവരെ 16 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളം പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര് അറിയിച്ചു. കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പോലീസുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ തീര്‍ഥാടകരില്‍ ഭൂരിഭാഗം പേരേയും അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്ബായി പ്രവര്‍ത്തിക്കുന്ന പഞ്ചതര്‍ണിയിലേക്ക് മാറ്റി. പരിക്കേറ്റ ഇരുപത്തിയൊന്ന് തീര്‍ഥാടകരെ ഇന്ന് രാവിലെ വിമാനമാര്‍ഗം ബാല്‍ത്താലില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

’16പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 40 ഓളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇതുവരെ മണ്ണിടിച്ചിലൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മഴ ഇപ്പോഴും തുടരുകയാണ്. 100-ലധികം രക്ഷാപ്രവര്‍ത്തകരുമായി നാല് എന്‍ഡിആര്‍എഫ് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ കരസേന, എസ്ഡിആര്‍എഫ്, സിആര്‍പിഎഫ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്, എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാളിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രളയം ഉണ്ടായി 10 മിനിറ്റിനകം തന്നെ 8 പേര്‍ മരണപ്പെട്ടിരുന്നു. 15,000 തീര്‍ത്ഥാടകരെങ്കിലും സംഭവ സമയത്ത് അമര്‍നാഥിലേക്ക് എത്തിക്കൊണ്ടിരുന്നിരുന്നു.കനത്ത മഴയെ അവഗണിച്ചും ജനം ഇവിടേക്ക് ഒഴുകുകയായിരുന്നു, തീര്‍ത്ഥാടകരില്‍ ഒരാള്‍ പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഐടിബിപി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴ ഇപ്പോഴും തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് 5.30തോട് കൂടിയാണ് മേഘവിസ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഗുഹാ ക്ഷേത്രത്തിന് സമീപത്ത് വന്‍ വെളളപ്പാച്ചിലുണ്ടാവുകയായിരുന്നു.കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥാടന യാത്ര ജൂണ്‍ 30 നാണ് പുനരാരംഭിച്ചത്. മേഘ വിസ്സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടതില്‍ ഏറെയും തീര്‍ത്ഥാടകരാണ്.