അംബാനിയും അദാനിയും ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുന്നു; സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് അപേക്ഷ നൽകി

single-img
9 July 2022

ഇന്ത്യയിൽ ഈ മാസം 26നു നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് അപേക്ഷ നൽകി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . രാജ്യത്തെ അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന 5ജി മേഖലയിൽ കടുത്ത മത്സരം കാഴ്ച വയ്ക്കുകയാണ് കടന്നുവരുന്ന അദാനിയുടെ ലക്ഷ്യമെന്നാണു നിഗമനം.

ഇതോടൊപ്പം തന്നെ പ്രമുഖ കമ്പനികളായ ജിയോ, എയർടെൽ, വൊഡഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികളും ലേലത്തിൽ പങ്കെടുക്കും. ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാർ ലേല നടപടികളുടെ ഭാഗമായി പങ്കെടുക്കുന്നവരുടെ പേരുകൾ ജൂലൈ 12ന് പ്രസിദ്ധീകരിക്കും. അപ്പോൾ മാത്രമേ പങ്കെടുക്കുന്നവരെപ്പറ്റി കൃത്യമായി അറിയാനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ നിന്നും ലോകവ്യാപകമായി അംബാനിയുടെയും അദാനിയുടെയും ബിസിനസ് സാമ്രാജ്യം വളരുകയാണെങ്കിലും നേരിട്ടുള്ള മത്സരം ഇതുവരെയുണ്ടായിട്ടില്ല. ഇത്തവണ ഏകദേശം 4.3 ലക്ഷം കോടി രൂപ വിലവരുന്ന 72,097.85 മെഗാഹെട്സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുന്നത്. സ്വന്തമാക്കുന്നവർക്കുള്ള കാലാവധി 20 വര്‍ഷമായിരിക്കും. ഇപ്പോൾ രാജ്യത്ത് ലഭ്യമായ 4ജി സേവനങ്ങളെക്കാള്‍ 10 മടങ്ങ് അധിക വേഗത്തില്‍ വരെ ഡേറ്റ നല്‍കാന്‍ 5ജിക്ക് സാധിക്കുമെന്നാണ് നിഗമനം.